കായംകുളം: മകനെതിരായ കഞ്ചാവ് കേസിൽ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ. മകന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വാർത്ത അടിസ്ഥാനരഹിതമെന്നും യു പ്രതിഭ. വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ പ്രത്യേകം അജണ്ടയോടെ വാര്‍ത്ത നല്‍കിയെന്നും എംഎൽഎ സി പി എം നേതാക്കളായ കെ എച് ബാബുജാൻ ,അബിൻഷാ,ഷെയ്ഖ് പി ഹാരിസ് എന്നിവർക്കൊപ്പം കായംകുളത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ തന്റെ പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയതെന്നും യു പ്രതിഭ കൂട്ടിച്ചേർത്തു.
മകന് എന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും എന്നാൽ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതിഭ പറഞ്ഞു. മകന്റെ ഫോട്ടോയടക്കം ഉൾപ്പെടുത്തിയാണ് വാർത്ത നൽകിയത്. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ വാർത്തയിൽ പോലും അവരുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല.
പക്ഷെ തന്റെ മകന്റെ കാര്യത്തില്‍ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടുവെന്നും പ്രതിഭ കൂട്ടിച്ചേർത്തു. കൂടാതെ താൻ മതം പറഞ്ഞൂവെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അത് ഒരിക്കലും ഇല്ലാത്ത പരാമർശമാണെന്നും പ്രതിഭ വ്യക്തമാക്കി.
![]()
