ന്യൂഡൽഹി :പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സക്കീർ അലി ഹുസൈൻ അന്തരിച്ചു.73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
1951ല്‍ മുംബയിലാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്കിയ സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ് (2023) തുടങ്ങിയ ബഹുമതികള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിര്‍ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്തായ രാകേഷ് ചൗരാസിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ലോകവ്യാപകമായി നിരവധി രാജ്യങ്ങളിലെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തബലയിലെ മാന്ത്രികവിരല്‍ സ്പര്‍ശത്തിലൂടെ ഒരു തലമുറയെ തന്നെ ആനന്ദിപ്പിച്ച അദ്ദേഹം കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ താളവാദ്യങ്ങളുമായി വലിയ അടുപ്പമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
മലയാളത്തിലെ പ്രശസ്ത ചിത്രം വാനപ്രസ്ഥത്തില് പശ്ചാത്തല സംഗീതം നല്‍കിയത് സക്കീര്‍ ഹുസൈന് ആണ്. തബല വിദ്വാന് അല്ലാഹ് രഖയുടെ മൂത്ത മകനാണ് സക്കീര്‍ ഹുസൈന്. 12ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്മാര്ക്കും സംഗീതജ്ഞര്‍ക്കും നല്കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ.
![]()
