പുണെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ടീം ഇന്ത്യ വ്യാഴാഴ്ച കളത്തിലിറങ്ങുന്നു. അയല്‍വാസികളായ ബംഗ്ലാദേശാണ് എതിരാളികൾ. മഹാരാഷ്ട്രയിലെ പുണെയില്‍ എം.സി.എ. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം.റണ്ണൊഴുകും പിച്ചായിരിക്കും പുണെയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിങ്സ് സ്കോര്‍ 300 കടന്നിരുന്നു. ഈ മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോര്‍ 307 ആണ്. ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സന്ധ്യയോടെ ഇവിടെ നേരിയ മഞ്ഞുവീഴ്ചയുണ്ടാകും. ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍നിന്ന് ഇന്ത്യ മാറ്റംവരുത്താനിടയില്ല. ബംഗ്ലാദേശ് മുന്‍നിരയില്‍ മൂന്ന് ഇടങ്കൈയന്‍ ബാറ്റര്‍മാര്‍ ഉള്ളതിനാല്‍ ഇന്ത്യ ഓഫ്
സ്പിന്നര്‍ ആര്. അശ്വിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ടീമില്‍ മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് ബുധനാഴ്ച പത്രസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകന് പരസ് മാംബ്രെ നല്‍കിയത്. അങ്ങനെയെങ്കില്‍ മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഈ ലോകകപ്പിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. ഇഷാന് കിഷനും പുറത്തിരിക്കേണ്ടിവരും.
![]()
