വാഷിങ്ടൺ: ഇസ്രയേൽ ഫലസ്തീനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.
യു എസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണിൽ സംസാരിച്ച് നിലവിലെ സ്ഥിതി ഗതികൾ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നൽകി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും.
![]()
