കൊടുങ്ങല്ലൂർ: അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ അജ്മൽ ആസിഫ് (27), കൊല്ലം സ്വദേശി അദ്വൈത് (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്. മതിലകം പാമ്പിനേഴത്ത് കുടുംബാംഗമാണ് അജ്മൽ.
പിതാവ് : പാപ്പിനിവട്ടം സഹകരണ ബാങ്ക് അസി. മതിലകം ബ്ലോക്ക് പഞ്ചായത്ത് ബ്രാഞ്ച് മാനേജർ ഒഫൂർ, മാതാവ് : ഹഫ്സ.
ഒരു കുട്ടിയടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം.
എറണാകുളത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ വഴിതെറ്റി കവലയിലൂടെ റോഡ് അവസാനിച്ചത് പുഴയിലാണെന്നറിയാതെ പോയതാണ് അപകട കാരണം. ഗൂഗിൾ മാപ്സ് ഉപയോഗിച്ചായിരുന്നു ഇവരുടെ യാത്ര. പറവൂരിൽ നിന്ന് അഗ്നിശമന സേനയെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ കണ്ടെത്തി പുറത്തെടുത്തു.
![]()
