റിയാദ്: വായക്കാരെയും പുസ്തക പ്രേമികളെയും മാടിവിളിക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് റിയാദിൽ തിരി തെളിയും. റിയാദ് പുസ്തകമേളയുടെ ഉദ്ഘാടനത്തിലേക്ക് വായനപ്രേമികൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. “പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യസ്ഥാനം” എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ പ്രമേയം. ഒക്ടോബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന പുസ്തക മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1800 പ്രസാധകർ എത്തും. 55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 800 പവലിയനുകളിലായാണ് മേള നടക്കുന്നത്. കൂടാതെ 70 ഓളം ഫ്രഞ്ച് പ്രസാധകർ പുതുതായി മേളക്ക് എത്തും. ഒമാനാണ് ഇത്തവണ മേളയുടെ അതിഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒമാനിലെ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ഇന്ന് നടക്കുന്ന ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും. മേളയോടനുബന്ധിച്ച് അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഒക്ടോബർ നാലിന് നടക്കും. കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ, ദിരിയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റി, കാർ റെന്റൽ കമ്പനിയായ യെലോ എന്നിവയും ഇവന്റിന്റെ പങ്കാളികളാണ്. കിങ് സഊദ് യൂണിവേഴ്സിറ്റി പുതിയ ആസ്ഥാനത്താണ് മേള നടക്കുന്നത്.
![]()
