മനാമ :ബഹ്റൈനിൽ ബി എഡ് ബിരുദം വ്യാജമെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലായ മലയാളി അധ്യാപികയ്ക്ക് എംബസി ഇടപെടലിൽ മോചനം. ബഹ്റൈൻ മന്ത്രാലയത്തിലെ പരിശോധനയിൽ ബിഎഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപികയാണ് ഇന്ത്യൻ എംബസിയുടേയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടർന്ന് മോചിതയായത്.
വർഷങ്ങൾക്ക് മുൻപ് അംഗീകൃത അക്കാദമി വഴി കറസ്പോണ്ടൻസ് ആയി നേടിയ സർട്ടിഫിക്കറ്റ് ബഹ്റൈൻ മന്ത്രാലയം നിർദേശിച്ച പരിശോധനാ സംവിധാനമായ ക്വാഡ്രോ ബേയിൽ അപ്ലോഡ് ചെയ്തതോടെയാണ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സമാന രീതിയിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച നിരവധി അധ്യാപകരെയും അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ മുമ്പ് ഇന്ത്യാ ഗവർമെന്റിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകിയ സ്ഥാപനങ്ങളെ ചില രാജ്യങ്ങൾ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തുകയായിരുന്നു എന്നും ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾ നിരപരാധികളാണെന്നുമുളള കാര്യങ്ങൾ എംബസി വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതോടെയാണ് അധ്യാപികയെ മോചിപ്പിച്ചത്. മറ്റ് അധ്യാപകരുടെ മോചനത്തിനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു.
![]()
