ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാതെ പിണറായി സര്‍ക്കാര്‍ ജനസദസ്സ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തയ്യാറെടുക്കുന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ്-സംഘപരിവാര്‍ അനൂകുല മനസ്സ് പ്രകടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി.
ബിജെപി വിരുദ്ധത സിപിഎമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘപരിവാര്‍ വിരോധത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍, ബിജെപി പാളയത്തിലെത്തിയ ജെ.ഡിഎസിനെ ഉടനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനില്ക്കാനോ ആവശ്യപ്പെടുമായിരുന്നു.അതിതുവരെ ഉണ്ടാവാത്തതിലൂടെ സംഘപരിവാര്‍ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന സമീപനം സിപിഎം സ്വീകരിക്കുന്നതും ഇതേ മാനോഭാവത്തോടെയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് മാത്രമാണ്. സിപി എമ്മിന് ബിജെപിയോട് ഒരിക്കലും അയിത്തം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ബിജെപി ഉന്നത സൗഹൃദത്തിന്റെ ഗുണഫലമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തിന്റെ നിഴലിനെ പോലും ഭയക്കുന്നത് സംഘമിത്രത്തോടുള്ള കൂറുകൊണ്ടാണ്. കരുവന്നൂരിലെ നിക്ഷേപതട്ടിപ്പില്‍ നടക്കുന്ന ഇഡി അന്വേഷണത്തിന്റെ ഗതി വരുംദിവസങ്ങളില്‍ അറിയാം. സിപിഎം -ബിജെപി ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന ബൈപ്പാസായി ജെഡിഎസിന്റെ ബിജെപി സഖ്യ പ്രവേശനം മാറും. അതിനാലാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെ.ഡിഎസിനെ കേരളത്തില്‍ ചുമക്കാന്‍ സിപിഎം തീരുമാനിച്ചത്.
![]()
