റിയാദ്: നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ നിന്ന് നോക്കിയാൽ അകലെ മനോഹരമായ പ്രവേശന കവാടം നമ്മെ മാടിവിളിക്കും ആ ചരിത്ര നഗരിയിലേക്ക്. റിയാദിൽ നിന്ന് 135 കിലോമീറ്റർ അകലെ വടക്ക് ഭാഗത്തായി പഴയ മദീന റോഡിൽ ശഖ്റക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മറാത്ത്. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപ് പുരാതന അറബ് ഗോത്രവർഗക്കാർ താമസിച്ചിരുന്ന ഒരു പ്രദേശമാണ് മറാത്ത്. അറബികൾ അമ്പരചുംബികളായ മണിമാളികളിലേക്ക് ചെക്കേറുംമുൻപ് പൂർവികർ കഴിഞ്ഞിരുന്ന വീടുകൾ ഇന്നും നിലനിൽക്കുന്നുണ്ട് ഇവിടെ. ചെളിയും വൈക്കോലും മരകഷ്ണങ്ങളും കൊണ്ട് നിർമിച്ച വീടുകൾ ഇന്നും നിലനിൽക്കുന്നത് സന്ദർശകരെ അമ്പരപ്പിക്കാറുണ്ട്. ഒന്നല്ല നൂറുകണക്കിന് വീടുകൾ ചേർന്ന ഒരു ഗ്രാമം തന്നെ നമുക്ക് അവിടെ കാണാം. ഇരുനില വീടുകൾ പലരെയും പുരാതന സാങ്കേതിക വിദ്യയുടെ ചരിത്രം അന്നെഷിക്കാൻ പ്രേരിപ്പിക്കും. ചെളികൊണ്ടും കല്ലുകൊണ്ടും പടുത്തുയർത്തിയ വീടുകളിൽ മുകൾ നിലയിലേക്ക് കയറിച്ചെല്ലുവാൻ മനോഹരമായ പടവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു ഉപയോഗിച്ചിരിക്കുന്നതാകട്ടെ മരങ്ങളുടെ തടികളും പുൽച്ചെടികളുടെയും ഭാഗങ്ങൾ. മുകൾ നിലയിലിരുന്നു പുറം കാഴ്ചകൾ കാണാൻ സ്ഥാപിച്ചിരിക്കുന്ന കിളി വാതിലിലൂടെ നോക്കിയാൽ ആ ഗ്രാമത്തിന്റെ മനോഹാരിത പൂർണമായും കാണാൻ ആകും. ഓരോ വീടും ഒന്നിനൊന്നു കേമമാണ് എന്ന് തന്നെ പറയാം. തൊട്ടുരുമ്മി നിൽക്കുന്ന വീടുകൾ അവക്കിടയിൽ മുഖാമുഖമുള്ള കിളിവാതിലുകൾ അവരുടെ സഹകരണത്തിന്റെ മൂല്യം വിളിച്ചോതുന്നു. ഇടക്ക് ചെറിയ ആരാധനാലയവും ജല സൗകര്യത്തിനായി സ്ഥാപിച്ചിരിക്കുന്ന ചെറിയ തടാകവും ആരെയും ആകർഷിക്കും. ഈ മുഴുവൻ വീടുകൾക്കുമായി ഒരു പൊതു കിണർ സ്ഥാപിച്ചിരുന്നത് ഇന്നും ഉറവ വറ്റാതെ നിലനിക്കുന്നുണ്ട്. മറാത്തിലെ ഉയരമുള്ള ഭാഗത്തു മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുന്ന പാർക്കിൽ നിന്ന് താഴേക്ക് നോക്കിയാൽ പഴയ തകർന്നടിഞ്ഞ ഗ്രാമത്തിന്റെയും നവീനമായ അംബര ചുംബികളായ കെട്ടിടങ്ങളും വെക്തമായി കാണാം. ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പട്ടണം കൂടിയാണ് മറാത്തു. യമാമ യുദ്ധത്തിനായി പുറപ്പെട്ട ഇസ്ലാമിക സൈന്യം തമ്പടിച്ചിരുന്നത് ഈ പ്രദേശത്താണ്. പ്രവാചക അനുചരൻ ഖാലിദ് ബിൻ വലീദിൻറെ പേരിൽ അറിയപ്പെടുന്ന ഒരു കിണർ ( അൽ ബിഉറുൽ വലീദി ) സ്ഥിതി ചെയ്യുന്നത് ഈ പട്ടണത്തിലാണ്.സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ കിണർ. ഈ കിണറിൽ ഇപ്പോഴും സമൃദ്ധമായി ജലം ലഭിക്കുന്നുണ്ട്. റോഡിനു ഇടതു വശത്തായി അറേബ്യൻ കവി ഇമ്രുൽ ഖൈസിന്റെ പേരിൽ അറിയപ്പെടുന്ന ഒരു കുളവും ചരിത്രാവശിഷ്ട്ടമായി സ്ഥിതി ചെയ്യുന്നു. തണുപ്പ് കാലമായതോടെ ചരിത്രാന്നേഷികളും സന്ദർശകരും ഈ പ്രദേശം കാണാൻ ധാരാളമായി എത്തുന്നുണ്ട്. ഇങ്ങനെ ചരിത്രത്തിന്റെ അവശേഷിപ്പുകൾ ബാക്കിയാക്കി മറാത്തു പട്ടണം തലയുയർത്തി നിൽക്കുന്നു.
![]()
