കെ – ഫോൺ അഴിമതി കണക്റ്റഡ്
മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത കെ-ഫോൺ പതിവ് കെ പദ്ധതികളെ പോലെ തന്നെ വലിയ വാഗ്ദാനങ്ങൾ ആണ് ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നത്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായിട്ടാണ് കെ ഫോണ്‍ എന്ന പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നത്.
18 മാസത്തിനുള്ളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശൃംഖലയും സജ്ജമാക്കുക എന്ന വമ്പൻ വാഗ്ദാനം ആയിരുന്നു 2017ല്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പിണറായി വിജയൻ പറഞ്ഞത്.
20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റെന്ന വാഗ്ദാനം പിന്നീട് കൃത്യമായ വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ 14000 ആക്കി ചുരുക്കി.
1028.8 കോടി രൂപയായിരുന്നു പദ്ധതിക്ക് വേണ്ടി ആദ്യം എസ്റ്റിമേറ്റ് ചെയ്ത തുക. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി ഈ കണ്‍സോര്‍ഷ്യത്തിന് നല്കിയപ്പോള് 1531 കോടി രൂപയായി നേരെ റോകറ്റ് വിട്ടത് പോലെ കുതിച്ചു. അതായത് യഥാര്‍ത്ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ തുകയേക്കാൾ അധികമായി നല്‍കിയത്.
എ.ഐ ക്യാമറ തട്ടിപ്പിൽ ഉള്ള അതേ കമ്പനികൾ തന്നെയാണ് കെ ഫോൺ പദ്ധതിയിലും ഉള്ളത്. എസ്.ആർ.ഐ.ടി, പ്രസാഡിയോ എന്നീ കമ്പനികൾ എ.ഐ ക്യാമറ ഇടപാടിൽ ഉള്ളത് പോലെ കെ ഫോൺ ഇടപാടിലും സജീവമാണ്.
കെ-ഫോൺ നിർമ്മാണ പ്രവർത്തനത്തിന് ഒരു വർഷവും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസിന് ഏഴുവർഷവും ഉൾപ്പെടെ 9 വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിന് നൽകിയത്. ഇതിൽ എസ്.ആർ.ഐ.ടി. കമ്പനിയും ഉൾപ്പെടുന്നു. ഇവർക്ക് നൽകിയ കരാർ തുക 1531 കോടി രൂപയാണ്. 1028 കോടിയുടെ പദ്ധതി 1531 കോടി രൂപയ്ക്ക് കരാർ നല്കാൻ ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ ആണ്.
കെ-ഫോൺ ലിമിറ്റഡിന്റെ മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (MSP) തിരഞ്ഞെടുക്കാൻ ക്ഷണിച്ച ടെൻഡറും നേടിയത് എസ്.ആർ.ഐ.ടി. എന്ന കമ്പനിയാണ്. സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ മൊത്തം പണവും കൊണ്ടുപോകുന്നത് എസ്.ആർ.ഐ.ടി.യാണ്. മുതൽ മുടക്കില്ലാതെ കെ-ഫോൺ പദ്ധതിയുടെ ഒരു ബിസിനസ് പങ്കാളിയായി SRIT മാറി, ലാഭം മാത്രം കൊണ്ട് പോവുകയാണ് എസ്. ഐ. ആർ. ടി.
സർക്കാർ ജനങ്ങളുടെ നികുതി പണം എടുത്തു തുടങ്ങുന്ന പദ്ധതിയുടെ ലാഭത്തിൽ നിന്നും പത്ത് ശതമാനമാണ് മണ്ണും ചാരി നിന്ന് എസ്.ആർ.ഐ.ടി കൊണ്ട് പോകുന്നത്.
പണം മുടക്കാതെ ലാഭം കൊയ്യാൻ മാത്രം രംഗപ്രവേശം ചെയ്യുന്ന കമ്പനിക്ക് വേണ്ടി സർക്കാർ ഒത്താശ ചെയ്യുകയാണ്. പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി മുതലാളിമാരെ ഊട്ടുന്നതാണ് പിണറായി സർക്കാരിന്റെ നയം.
![]()
