അൽ ഖർജ് : അൽ ഖർജ് ടൗൺ കെഎംസിസി അൽ ദോസരി മെഡിക്കൽ ക്ലിനിക്കുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് അഞ്ഞൂറിലധികം പ്രവാസികൾ പ്രയോജനപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ എഴുപത്താറാമതു വാർഷികവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയും പ്രവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു അൽ ഖർജ് ടൗൺ കെഎംസിസി. രക്ത സമ്മർദ്ദവും പ്രമേഹവും കൊഴുപ്പും സൗജന്യ വൈദ്യ പരിശോധനയും ഏറെ പ്രയോജനപ്പെട്ടെന്നും കെഎംസിസി പാവപ്പെട്ട പ്രവാസികളുടെ ആരോഗ്യ കാര്യത്തിലടക്കം എടുക്കുന്ന ഗൗരവതരമായ ഇടപെടലുകൾ ശ്ലാഘനീയമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടിയോടനുബന്ധിച്ചു ‘ഹെൽത്ത് ദി ആപ്റ്റ് ആൻഡ് ഓപ്റ്റ്’ എന്ന ശീർഷകത്തിൽ നടന്ന ഹെൽത്ത് സെമിനാർ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. വൻ സാമ്പത്തിക ചെലവ് വരുന്ന ഇത്തരമൊരു പരിപാടിക്ക് പിന്തുണ നൽകിയ അൽ ദോസരി ക്ലിനിക് മാനേജ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു. റിയാദിലെ സാമൂഹ്യ പ്രവർത്തകൻ കൂടിയായ ഡോക്ടർ അബ്ദുൽ അസീസ് ഹെൽത്ത് സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു. വർധിച്ചു വരുന്ന പക്ഷാഘാത – ഹൃദയാഘാത രോഗങ്ങൾക്കൊപ്പം തന്നെ വൃക്ക രോഗങ്ങളും പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്നുണ്ടെന്നും അത് വരാതിരിക്കാനുള്ള മുൻകരുതലുകളും ഡോക്ടർ വിശദീകരിച്ചു. ലഹരി ഉപയോഗവും അതിനടിമപ്പെടുന്നതും സാമൂഹികമായും ശാരീരികമായും ആത്മഹത്യാപരമാണെന്നും ചിട്ടയായ ജീവിതക്രമങ്ങൾ കൊണ്ട് അന്തസ്സുള്ള ജീവിതം നയിക്കാൻ നമുക്കാകണമെന്നും അദ്ദേഹം സ്വാന്തന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. ഒരു പ്രവാസിയെ സഹായിക്കുകയെന്നാൽ നിങ്ങൾ ഒരു കുടുംബത്തെയാണ് സഹായിക്കുന്നതെന്നും അവരെ ചേർത്ത് പിടിച്ചാൽ നിങ്ങൾ ഒരു കുടുംബത്തെ ചേർത്ത് പിടിച്ചെന്നും ഡോ . അബ്ദുൽ അസിസ് അൽ ഖർജ് ടൗൺ കെഎംസിസിയോടായി പറഞ്ഞു.
ഇക്ബാൽ അരീക്കാടൻ അധ്യക്ഷം വഹിച്ചു. ഫർഹാൻ അൽ ദോസരി, ഷബീബ് കൊണ്ടോട്ടി, ഡോ. അബ്ദുൽ നാസർ, അഷ്റഫ് കല്ലൂർ, മുഹമ്മദ് പുന്നക്കാട്, റസാഖ് മാവൂർ, റാഷിദ് കാപ്പുങ്ങൽ, ഷാഫി പറമ്പൻ, ഇസ്മായിൽ കരിപ്പൂർ, ജാബിർ ഫൈസി, കുഞ്ഞു മുംതാസ്, അബ്ദുൽ സലിം ഫ്രണ്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഫൗസാദ് ലാക്കൽ, സിദ്ദീഖ് പാങ്, ഫസ്ലു ബീമാപ്പള്ളി, സലിം മാണിതൊടി,സമീർ ആലുവ, ഹമീദ് പാടൂർ, നൗഷാദ് കെ.ടി, കോയ താനൂർ, അമീർ വി.പി, ഫാരിസ് വി.കെ, റഫീഖ് പാറോത്ത്, അരുൾ വിനോദ്, അഹ്മദ് കരുനാഗപ്പള്ളി, നാസർ ചാവക്കാട് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. റൗഫൽ കുനിയിൽ സ്വാഗതവും മുഖ്താർ അലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
![]()
