ചാത്തന്നൂർ : ലഹരി ഉപയോഗിച്ച ശേഷം ഇടറോഡിൽ മാർഗതടസ്സം സൃഷ്ടിച്ച് ആഡംബര കാറിൽ കിടന്നുറങ്ങിയ യുവാക്കളിൽ നിന്ന് എംഡിഎംഎ, കഞ്ചാവ്, പണം, സ്വർണാഭരണം, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തു. നെടുമ്പന അമ്പാട്ടു വിള വീട്ടിൽ ശിവപ്രദീപ് (28), മയ്യനാട് വയലിൽ പുത്തൻ വീട്ടിൽ ബീമ മൻസിലിൽ റഫീക്ക് (24) എന്നിവരെ ചാത്തന്നൂർ ഇൻസ്പെക്ടർ വി.ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഇത്തിക്കര മൂഴിയിൽ ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
4.5 ഗ്രാം എംഡിഎംഎ, കഞ്ചാവ്,1.07 ലക്ഷം രൂപ, 4 പവന്റെ സ്വർണാഭരണം, 4 മൊബൈൽ ഫോൺ,ആഡംബര കാർ എന്നിവയാണ് പിടികൂടിയത്. പൊലീസ് പറയുന്നതിങ്ങനെ: ഇവർ മൂഴിയിൽ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയാണ്. ഓണക്കാലം ലക്ഷ്യമാക്കി എംഡിഎംഎ ഉൾപ്പെടെ ലഹരി വസ്തുക്കൾ വിൽപന നടത്തിയ ശേഷം രാത്രി വാടക വീട്ടിലേക്ക് എത്തി. എന്നാൽ അമിതമായ ലഹരി ഉപയോഗിച്ചതിനാൽ ഇരുവരും വീടിനു സമീപം ഇടറോഡിൽ കാർ പാർക്ക് ചെയ്ത ശേഷം അതിൽ കിടന്ന് ഉറങ്ങി. വീതി കുറഞ്ഞ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു കാർ കിടക്കുന്നത് നാട്ടുകാർ പൊലീസിൽ അറിയിച്ചു.
ഓണത്തിനായി പുതുവസ്ത്രങ്ങൾ വാങ്ങി വന്നപ്പോൾ താമസിച്ചതിനാൽ ഉറങ്ങിപ്പോയതാണെന്നു പറഞ്ഞു തടിതപ്പാൻ ശ്രമിച്ചു. വിശദപരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. വിപണനം നടത്തിയ ശേഷം സ്വന്തം ഉപയോഗത്തിനു സൂക്ഷിച്ചിരിക്കുകയായിരുന്നു. കാറിന്റെ പ്രത്യേക അറയിൽ നിന്നു നോട്ടു കെട്ടുകളും കണ്ടെടുത്തു. ഇരുവർക്കും പങ്കിട്ടെടുക്കാനായി രണ്ടു കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
4 പവനിലേറെ തൂക്കം വരുന്ന സ്വർണാഭരണം ലഹരി ഇടപാടിലൂടെ ലഭിച്ച തുക ഉപയോഗിച്ചു വാങ്ങിയതായിരുന്നു. ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസം പലരും വലിയ തുക കൈമാറിയതായി കണ്ടെത്തി. ആഡംബര കാർ വാടകയ്ക്ക് എടുത്തു വസ്ത്രങ്ങളും മാറ്റും വാങ്ങി സൂക്ഷിച്ചു അതിന്റെ മറവിലാണ് ലഹരി മരുന്ന് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസിപി ബി. ഗോപകുമാർ, ഇൻസ്പെക്ടർ വി.ശിവകുമാർ, എഎസ്ഐ ബൈജു, സിപിഒമാരായ വി.എസ്.കണ്ണൻ, ആർ.രതീഷ്, പ്രവീൺ കുമാർ, കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടി സിപിഒമാരായ അരുൺ, അൻഷാദ് എന്നിവർ ഉണ്ടായിരുന്നു
![]()
