റിയാദ്: തിരുവനന്തപുരം–റിയാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനുള്ള നടപടികളെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. തിരുവനന്തപുരം–സൗദി അറേബ്യ നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന പ്രവാസികളുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച ഭാഗിക അംഗീകാരമായാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഫോറം അറിയിച്ചു.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതുകൊണ്ട് മാത്രം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലെ സൗദി പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകില്ലെന്നും ഫോറം വ്യക്തമാക്കി. സൗദിയ (Saudi Arabian Airlines) തിരുവനന്തപുരം സർവീസ് പുനരാരംഭിക്കണമെന്ന ഫോറത്തിന്റെ പ്രധാന ആവശ്യം ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണ്.
മുൻപ് തിരുവനന്തപുരം–സൗദി അറേബ്യ സെക്ടറിൽ സൗദിയ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു. ഈ സർവീസുകൾ പുനരാരംഭിക്കാത്തത് സൗദിയിലെ നിരവധി പ്രവാസികൾക്ക്, പ്രത്യേകിച്ച് സർക്കാർ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവർക്ക്, യാത്രാബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ഔദ്യോഗിക യാത്രകൾക്കും അവധിക്കാല യാത്രകൾക്കും പലപ്പോഴും സൗദിയയുടെ ടിക്കറ്റുകളാണ് അനുവദിക്കുന്നത്. അതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ലഭ്യമായാലും ഈ വിഭാഗത്തിൽപ്പെടുന്ന നിരവധി യാത്രക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കില്ല.
ഈ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസിനെ സൗദിയയുടെ തിരുവനന്തപുരം സർവീസിന് പകരമായോ, സൗദിയ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിനുള്ള പൂർണ പരിഹാരമായോ കാണാനാകില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സൗദിയയുടെ Point of Call അനുമതി ലഭ്യമാക്കി റിയാദ്–തിരുവനന്തപുരം ഉൾപ്പെടെയുള്ള നേരിട്ടുള്ള സൗദിയ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെയും ബന്ധപ്പെട്ട വ്യോമയാന അധികൃതരുടെയും മുന്നിൽ കൂടുതൽ ശക്തമായി ഉന്നയിക്കും. ഇതിനായുള്ള തുടർനടപടികൾ വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നും ഫോറം അറിയിച്ചു.
ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
![]()
