എം സിറാജ് ,ദമാം
നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിൽ മരിച്ച തമിഴ്നാട് കടലൂർ ജില്ലയിലെ തിട്ടക്കുടി താലൂക്കിലെ വെങ്കരുമ്പൂർ സ്വദേശി ഈശ്വരൻ പെരിയസാമിയുടെ ഭൗതികശരീരം വിവിധ വ്യക്തികളുടെയും സംഘടനകളുടെയും ഏകോപിത ശ്രമഫലമായി ഇന്ത്യയിലെത്തിച്ച് കുടുംബത്തിന് കൈമാറി.
2026 ജൂലൈ 10-ന് നജ്റാനിൽ മരിച്ച പെരിയസാമിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് ടി വി കെ നേതാവ് രാജശേഖരൻ, ഓവർസീസ് തമിഴ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് നെല്ലൈ എ. അബ്ദുൽ വഹീദ്, സൗദി കോഓർഡിനേറ്റർ എം. ദിവാൻ എന്നിവരുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു.
അസീർ തമിഴ് സംഘം കോഓർഡിനേറ്ററും യുണൈറ്റഡ് തമിഴ് സംഘം ഡെപ്യൂട്ടി സെക്രട്ടറിയുമായ ഡോ. നൂഹ് അബ്ദുല്ല ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നജ്റാനിലെ സി സി ഡബ്ലിയു വോളന്റിയർ സലീമിന്റെ സഹകരണവും ലഭിച്ചു.
ആഗസ്റ്റ് 22ന് വൈകിട്ട് 4 മണിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഭൗതികശരീരം ടി വി കെ വെളി നാട് തമിഴർകൾനല സംഗം പ്രതിനിധികൾ ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.
ഈ ദുഃഖസമയത്ത് സഹായിച്ച എം. ദിവാൻ, ഡോ. നൂഹ് അബ്ദുല്ല, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ടി വി കെ പ്രതിനിധികൾ, വെളി നാട് തമിഴർകൾ നല സംഗം എന്നിവർക്കെല്ലാം കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചു. അവരുടെ കൂട്ടായ പരിശ്രമം ഈശ്വരൻ പെരിയസാമിയുടെ അവസാന യാത്ര മാന്യമായി സ്വന്തം നാട്ടിൽ പൂർത്തിയാക്കാൻ വഴിയൊരുക്കി.
![]()
