ദമ്മാം: ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ദേശീയപതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആവേശപൂർവം ആഘോഷിച്ചു.
ഈസ്റ്റേൺ പ്രോവിൻസ് ഓ ഐ സി സി പ്രസിഡന്റ് ഇ.കെ. സലീമിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യത്തെയും അതിലൂടെ ഇന്ത്യ നേടിയ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കണമെന്ന് ബിജു കല്ലുമല പറഞ്ഞു.
1947-ൽ ഇന്ത്യയ്ക്ക് ലഭിച്ചത് അധികാര കൈമാറ്റം മാത്രമായിരുന്നില്ല. ജനാധിപത്യം, മതനിരപേക്ഷത, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക നീതി, തുല്യത, ഫെഡറലിസം എന്നിവ അടിസ്ഥാനമാക്കിയുള്ള ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിനുള്ള തുടക്കമായിരുന്നു സ്വാതന്ത്ര്യം.
എന്നാൽ സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിൽ ആഘോഷങ്ങൾക്കൊപ്പം ചില ഗൗരവമായ ചോദ്യങ്ങളും നാം ഉയർത്തേണ്ടതുണ്ട്. പാർലമെന്റ് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയാകണം. ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവകാശം പ്രതിപക്ഷത്തിനും ജനങ്ങൾക്കും ഉണ്ടാകണം. വിയോജിപ്പ് രാജ്യവിരുദ്ധതയല്ല; ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്.
അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലെ സംഘർഷങ്ങളും തടസ്സങ്ങളും പാർലമെന്ററി സംവാദത്തിന്റെ നിലവാരത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തെ യുവാക്കളുടെ ഭാവിയും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാക്കൾക്ക് തൊഴിലും അവസരങ്ങളും ഉറപ്പാക്കുകയും പരീക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് സർക്കാരുകളുടെ പ്രധാന ഉത്തരവാദിത്വമാണ്. യുവജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്ന തരത്തിൽ തൊഴിൽ, വിദ്യാഭ്യാസം, അവസരങ്ങൾ എന്നിവ ദേശീയ രാഷ്ട്രീയത്തിന്റെ മുൻഗണനകളാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഫെഡറൽ ഘടനയും ഇന്ന് നിർണായകമായ ചർച്ചയാണ്. ഡിലിമിറ്റേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും അവകാശങ്ങളെയും ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ജനസംഖ്യ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് അതിന്റെ പേരിൽ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ തിരിച്ചടി ഉണ്ടാകരുത്. ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്ന ഫെഡറലിസം ദുർബലപ്പെടുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ല.
സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങൾ സംരക്ഷിക്കുന്നതും അതുപോലെ പ്രധാനമാണ്. ഖനനവുമായി ബന്ധപ്പെട്ട നികുതി, സെസ്, ലെവി എന്നിവയിൽ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്ന പുതിയ നിയമനിർമാണം കേന്ദ്ര–സംസ്ഥാന സാമ്പത്തിക ബന്ധത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ശക്തമായ ഇന്ത്യയ്ക്ക് ശക്തമായ സംസ്ഥാനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യത്തിൽ സ്വാതന്ത്ര്യദിനം വെറുമൊരു ആഘോഷമായി മാറരുത്. ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും യുവാക്കൾക്ക് തൊഴിലും അവസരവും ഉറപ്പാക്കാനും പ്രതിജ്ഞ ചെയ്യേണ്ട ദിനമാണ് സ്വാതന്ത്ര്യദിനം.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മൗലാനാ അബുൽ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങി സ്വാതന്ത്ര്യസമര നായകർ സ്വപ്നം കണ്ട ഇന്ത്യ ഒരു മതത്തിന്റെയോ ഭാഷയുടെയോ വിഭാഗത്തിന്റെയോ മാത്രം ഇന്ത്യയായിരുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയായിരുന്നു അത്.
ആ ഇന്ത്യയെ കൂടുതൽ ശക്തവും ജനാധിപത്യപരവും നീതിപൂർണവുമാക്കുക എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദേശസ്നേഹം.
വിദേശത്ത് കഴിയുന്ന പ്രവാസി ഇന്ത്യക്കാരായ നമുക്കും ഈ ജനാധിപത്യ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാകില്ല. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ഭരണഘടനാ മൂല്യങ്ങളുടെ നിലനിൽപ്പിനും പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഇടപെടലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, സൗദി നാഷണൽ വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, പ്രോവിൻസ് കമ്മിറ്റി നേതാക്കളായ സക്കീർ പറമ്പിൽ, ജേക്കബ്ബ് പറയ്ക്കൻ, ബിനു പി. ബേബി എന്നിവർ സന്ദേശങ്ങൾ നൽകി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി. ശശി നന്ദിയും പറഞ്ഞു.
ശ്യം പ്രകാശ്, സുബൈർ പാറയ്ക്കൽ, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, അഷ്റഫ് കൊണ്ടോട്ടി, അൻസാർ മലയിൽ, റഫീഖ് അത്തോളി, റഊഫ് കുറ്റ്യാടി, നൗഷാദ് കുറ്റ്യാടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
