ജിദ്ദ: വായനയുടെയും ചിന്തയുടെയും വിശാലമായ ലോകം തുറക്കുക, ഗവേഷണാത്മക പ്രവർത്തനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്ക് വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കമായി. വായനക്കാർക്കായി ലൈബ്രറിയും ക്ലബ്ബിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫിറ്റ് റിസർച്ച് & സ്റ്റഡീസ്, ഫിറ്റ് സ്പീക്കേഴ്സ് പെർഫോമൻസ് തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് റീഡേഴ്സ് ക്ലബ്ബും രൂപീകരിച്ചത്.
ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യയുടെ മഹത്തായ ബഹുസ്വരതയ്ക്ക് കളങ്കമേൽപ്പിക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ കാലത്ത് ചരിത്രാന്വേഷണത്തിനും വിമർശനാത്മക ചിന്തയ്ക്കും സഹായിക്കുന്ന വായന നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ ആമുഖം സദസ്സിൽ വായിച്ചുകേൾപ്പിച്ചു. അരിമ്പ്ര അബൂബക്കർ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. നസീർ വാവക്കുഞ് മുഖ്യപ്രഭാഷണം നടത്തി. ജൈസൽ സാദിഖ് പുസ്തകചർച്ചയ്ക്ക് നേതൃത്വം നൽകി. അഫ്സൽ നാറാണത്ത് റീഡേഴ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജംഷീർ കെ.വി. ഭരണഘടനയുടെ ആമുഖം വായിച്ചു.
പ്രഗത്ഭ എഴുത്തുകാരൻ എ.പി. അൻവർ രചിച്ച ‘എന്നിട്ടും എന്തേ?’ എന്ന കവിതാസമാഹാരത്തിന്റെ സൗദി തല പ്രകാശനവും ചടങ്ങിൽ നടന്നു. അരിമ്പ്ര അബൂബക്കർ പ്രകാശനം നിർവഹിച്ചു. വഹാബ് കൊഴിലാണ്ടി പുസ്തകം പരിചയപ്പെടുത്തി. എ.പി. അൻവർ മറുപടി പ്രസംഗം നടത്തി.

വി.പി. മുസ്തഫ, സീതി കൊളക്കാടൻ, ഷഫീഖ് പട്ടാമ്പി, അരുവി മോങ്ങം, നസീഹ അൻവർ, ഫിറോസ് വാഫി, മനാഫ് ഏറാടൻ, സലീം മേലാറ്റൂർ, മുജീബ് എടരിക്കോട് എന്നിവർ സംസാരിച്ചു. ഫൈറൂസ് കെ.കെ. പുസ്തകവിതരണത്തിന് നേതൃത്വം നൽകി. നൗഫൽ ഉള്ളാടൻ ആമുഖപ്രഭാഷണവും ജാഫർ വെന്നിയൂർ ഉപസംഹാരവും നിർവഹിച്ചു.
![]()
