ജിദ്ദ : ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ സൗദി അറേബ്യ അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ വിസ സംവിധാനം നിലവിൽ വന്നതോടെ വർഷത്തിൽ പലതവണ ഉംറ നിർവഹിക്കാൻ തീർഥാടകർക്ക് അവസരമൊരുങ്ങും. വിഷൻ 2030-ന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകരുടെ വരവ് സുഗമമാക്കുക എന്നതാണ് പുതിയ വിസയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
മൾട്ടിപ്പിൾ എൻട്രി വിസയിൽ ഒരു വർഷത്തിനിടെ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. ഓരോ തവണയും ചെലവഴിക്കുന്ന ദിവസങ്ങൾ ഈ 90 ദിവസത്തിൽ നിന്ന് കുറവ് ചെയ്യും.
വിസ ഉടമകൾ ഉംറ സർവീസ് പാക്കേജും വിമാന ടിക്കറ്റും നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ, ഉംറ നിർവഹിക്കുന്നതിനായി ‘നുസുക്’ (Nusuk) പ്ലാറ്റ്ഫോം വഴി ബുക്കിംഗ് സ്ഥിരീകരിക്കുകയും വേണം. തുടർന്നുള്ള സന്ദർശനങ്ങളിലും ഈ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ടതുണ്ട്.
ഉംറ വിസയിലുള്ളവർക്ക് രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും സൗദിയിൽ പ്രവേശിക്കാം. വിസാ കാലാവധിയിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
ദുല്‍ഖിഅ്ദ ഒന്നിനും ദുല്‍ഹജ് 13 നും ഇടയിലുള്ള സമയങ്ങളിൽ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് തങ്ങാൻ പാടില്ല എന്ന സമയപരിധി കർശനമായി പാലിക്കേണ്ടതുണ്ട്.
![]()
