റിയാദ്: സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടുവർഷത്തോളമായി ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയായ സൂര്യഭാൻ (36)നെ നാട്ടിലെത്തിക്കാൻ ഡോക്ടറുടെയോ നഴ്സിന്റെയോ സഹായം തേടുന്നു. യാത്രയ്ക്കിടെ തുടർച്ചയായ വൈദ്യപരിചരണം ആവശ്യമായതിനാലാണ് ആരോഗ്യപ്രവർത്തകന്റെ സാന്നിധ്യം അനിവാര്യമായിരിക്കുന്നത്.
2024 സെപ്റ്റംബർ 14-ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ സൂര്യഭാൻ അൽ ജൗഫ് വിമാനത്താവളത്തിൽ നിന്ന് സ്പോൺസറുടെ സഹോദരനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അത്ഫ പ്രദേശത്ത് വാഹനം അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് സൂര്യഭാന് ഗുരുതരമായി പരിക്കേൽക്കുകയും സ്പോൺസറുടെ സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരണ പെടുകയും ചെയ്തിരുന്നു.
അപകടത്തെ തുടർന്ന് സക്കാക്ക സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂര്യഭാൻ ഇന്നും ചികിത്സയിലാണ്. ശരീരം ഏറെക്കുറെ തളർന്ന നിലയിലായതിനാൽ സ്വയം ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. നിലവിൽ കുഴൽ വഴിയാണ് ഭക്ഷണം നൽകുന്നത്. കുടുംബാംഗങ്ങളുടെ പരിചരണവും തുടർ ചികിത്സയും ലഭ്യമാക്കുന്നതിനായി എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
യാത്രയിൽ സൂര്യഭാന്റെ ബന്ധുവായ ഒരാൾ ഒപ്പമുണ്ടാകും. എന്നാൽ ചികിത്സാ ആവശ്യങ്ങൾ കണക്കിലെടുത്ത് യാത്രയിലുടനീളം രോഗിയെ അനുഗമിക്കാൻ ഡോക്ടറുടെയോ നഴ്സിന്റെയോ സേവനം ആവശ്യമാണ്. സഹായിക്കാൻ തയ്യാറാകുന്ന ആരോഗ്യപ്രവർത്തകന്റെ യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും, മടക്കയാത്രാ വിമാനടിക്കറ്റ് ഉൾപ്പെടെ, വഹിക്കുമെന്ന് സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സക്കാക്കയിലെ സാമൂഹിക പ്രവർത്തകൻ സുധീർ ഹംസ അറിയിച്ചു.
സഹായിക്കാൻ സന്നദ്ധരായ ഡോക്ടർമാരോ നഴ്സുമാരോ 0502841137 (സുധീർ ഹംസ) എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
![]()
