മനാമ: ആരോഗ്യ – സാമൂഹിക സേവന മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകി പ്രവാസി സമൂഹത്തിന്റെ ആദരവ് നേടിയ ഡോ. പി. വി ചെറിയാന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
നാല് പതിറ്റാണ്ടുകൾ നീണ്ട ആരോഗ്യ രംഗത്തെ സേവനത്തിലൂടെയും, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെയും ഡോ. പി. വി ചെറിയാൻ ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് ദേശീയ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈനിലെ വിവിധ സാമൂഹിക, സന്നദ്ധ സംഘടനകൾക്ക് എന്നും കരുത്തും മാർഗനിർദേശവും നൽകിയിരുന്ന അദ്ദേഹം, ഐ വൈ സി സി ബഹ്റൈന്റെ വിവിധ ജീവകാരുണ്യ, ആരോഗ്യപരിപാടികൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും സമൂഹസേവന പ്രവർത്തനങ്ങൾക്കും വിലപ്പെട്ട പിന്തുണയും ഉപദേശവും നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും സഹകരണവും എന്നും നന്ദിയോടെ സ്മരിക്കപ്പെടുന്നതാണന്നും, അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും വൈദ്യരംഗത്തിനും തീരാനഷ്ടമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
![]()
