റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങിയെത്തിയ ഹാജിമാർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. അബ്ദുറഹ്മാൻ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ജബ്ബാർ കുനിയിൽ സ്വാഗതം പറഞ്ഞു .
ഐ.സി.എഫ് സൗദി നാഷണൽ മീഡിയ ആൻഡ് പി.ആർ. സെക്രട്ടറി അഷറഫ് അലി പരിപാടി ഉദ്ഘാടനം ചെയ്തു . ഐ.സി.എഫ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകൻ മുഹമ്മദ് നബി (സ) തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ അറഫാ മൈതാനിയിൽ വെച്ച് പ്രഖ്യാപിച്ച ഉന്നതമായ മാനവിക മൂല്യങ്ങൾ ജീവിതത്തിൽ മുറുകെ പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യന്റെ രക്തവും സ്വത്തും അഭിമാനവും ഏറെ പവിത്രമാണെന്നും അത് പരസ്പരം ഹനിക്കാൻ പാടില്ലെന്നുമുള്ള പ്രവാചക വചനങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ അല്ലാഹുവെ ഭയപ്പെടണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുരുഷന്മാർക്ക് ബാധ്യതയുണ്ടെന്നുമുള്ള പ്രസക്തഭാഗങ്ങൾ വിശദീകരിച്ച അദ്ദേഹം, ഈ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് ഹജ്ജ് മബ്രൂറായി (സ്വീകാര്യമായ ഹജ്ജ്) മാറുന്നതെന്ന് ഉൽബോധിപ്പിച്ചു.
കഠിനമായ ചൂടിനെയും പ്രയാസങ്ങളെയും അവഗണിച്ച് മക്കയിലും മശാഇറുകളിലും സന്നദ്ധസേവന രംഗത്ത് സജീവമായിരുന്ന ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർമാരെ അദ്ദേഹം പ്രകീർത്തിച്ചു.

തുടർന്ന് ഹാജിമാരായ മഹ്മൂദ് ചെങ്ങളായി, അബ്ദുറഹിമാൻ കുറ്റിപ്പാല, ഹുസൈൻ പുത്തൂർ, ഉമറുൽ ഫാറൂഖ്, ഷൗക്കത് ഹാജി എന്നിവർ തങ്ങളുടെ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. ഹജ്ജ് വേളയിൽ നടത്തിയ സന്നദ്ധസേവനങ്ങളെക്കുറിച്ച് വളണ്ടിയർ പ്രതിനിധി ജംഷീദ് വിശദീകരിച്ചു. ചടങ്ങിൽ അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് നന്ദി പറഞ്ഞു.
![]()
