ദമ്മാം: 2025–2026 അധ്യയന വർഷത്തിൽ CBSE പ്ലസ് ടു പരീക്ഷയെഴുതിയ മിഡിൽ ഈസ്റ്റ് മേഖലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികളെ ബാധിച്ച അതീവ ഗൗരവമുള്ള വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നവയുഗം നിവേദനം നൽകി.
ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ അടിയന്തര സാഹചര്യങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ക്കൂളുകളിൽ നടത്തേണ്ടിയിരുന്ന ചില CBSE പരീക്ഷകൾ റദ്ദാക്കിയിരുന്നു. ആ പരീക്ഷകൾക്ക് പകരം സ്കൂളിൽ മുൻകാലങ്ങളിൽ നടന്ന പീരിയോഡിക്ക് പരീക്ഷകളുടെയും സ്കൂൾ ഇന്റേണൽ അസസ്മെന്റുകളുടെയും മാർക്കുകൾ അന്തിമ മൂല്യനിർണയത്തിനായി പരിഗണിക്കപ്പെട്ടു.
ഇത്തരത്തിലുള്ള നടപടികൾ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കപ്പെട്ടതായിരിക്കാമെങ്കിലും, അതിന്റെ അനിഷ്ടഫലമായി നിരവധി അർഹരായ വിദ്യാർത്ഥികൾ പ്രതികൂലമായി ബാധിക്കപ്പെട്ടിരിക്കുകയാണ്.
CBSE പ്ലസ് ടു വിദ്യാർത്ഥികൾ പ്രധാനമായും അന്തിമ ബോർഡ് പരീക്ഷകളെ കേന്ദ്രീകരിച്ചാണ് തയ്യാറെടുപ്പുകൾ നടത്തുന്നത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, ഉയർന്ന വിദ്യാഭ്യാസ പ്രവേശനത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും നിർണായകമായത് ഈ പരീക്ഷകളാണ്. അതേസമയം, ഇന്റേണൽ അസസ്മെന്റുകളും, പീരിയോഡിക് പരീക്ഷകളും സാധാരണയായി പരിശീലന ഘട്ടങ്ങളായി മാത്രം കണക്കാക്കപ്പെടുന്നതുകൊണ്ട്, അവ വിദ്യാർത്ഥികളുടെ യഥാർത്ഥ കഴിവിനെയോ അന്തിമ പ്രകടന സാധ്യതകളെയോ കൃത്യമായി പ്രതിഫലിപ്പിക്കണമെന്നില്ല.
ഇതിന്റെ ഫലമായി, അന്തിമ ബോർഡ് പരീക്ഷയിൽ മികച്ച മാർക്ക് പ്രതീക്ഷിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾ അവരുടെ സാധാരണ അക്കാദമിക് നിലവാരത്തേക്കാൾ വളരെ കുറഞ്ഞ മാർക്കുകൾ നേടിയിരിക്കുകയാണ്.
കൂടാതെ, അടുത്തിടെ നടപ്പിലാക്കിയ ഓൺസ്ക്രീൻ മൂല്യനിർണയ സംവിധാനം പല കേസുകളിലും പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞ മാർക്കുകൾക്ക് കാരണമായിരിക്കാമെന്ന ആശങ്ക വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉയർത്തുന്നുണ്ട്.
ഈ അസാധാരണ സാഹചര്യങ്ങൾ മൂലം ഒന്ന് അല്ലെങ്കിൽ അതിലധികം വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർധിക്കുക, മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാർത്ഥികളുടെ മാർക്കിൽ വലിയ ഇടിവുണ്ടാകുക എന്നീ പ്രതിസന്ധികൾ ഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിൽ കാണുന്നു.
ഇത് മൂലം ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതും, സ്കോളർഷിപ്പുകൾ, മെറിറ്റ് അടിസ്ഥാനത്തിലുള്ള അവസരങ്ങൾ, പ്രൊഫഷണൽ കോഴ്സുകളിലെ യോഗ്യതകൾ എന്നിവ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടായതിനാൽ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള കടുത്ത മാനസിക സമ്മർദ്ദവും, അനിശ്ചിതത്വവും മൂലം വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഗുരുതരമായ വിദ്യാഭ്യാസ-മാനസിക പ്രതിസന്ധികൾ ഇപ്പോഴുണ്ട്.
മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ പരിഗണിച്ച്, ഇന്ത്യൻ സർക്കാരും, CBSE അധികാരികളും ഈ വിഷയം അടിയന്തരമായി പരിഹരിയ്ക്കാൻ താഴെപറയുന്ന ആശ്വാസ നടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരിക വേദി ആവശ്യപ്പെടുന്നു.
1. പരീക്ഷാ കാലയളവിലെ അസാധാരണ സാഹചര്യങ്ങൾ മൂലം ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്കായി അനുയോജ്യമായ ഗ്രേസ് മാർക്ക് അല്ലെങ്കിൽ പ്രത്യേക പാസിംഗ് സഹായം അനുവദിക്കുക.
2. DASA-CIWG പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാർക്ക് നിലവിലെ 75%ൽ നിന്ന് 60% ആയി താൽക്കാലികമായി കുറയ്ക്കുക. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടായിരിക്കണം ഇത്.
3. ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാതെ, ഒന്നിലധികം വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും വേഗത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അനുമതി നൽകുക.
4. മിഡിൽ ഈസ്റ്റിലെ ബാധിത പരീക്ഷാ കേന്ദ്രങ്ങൾക്കായി ന്യായമായ പ്രത്യേക റിവ്യൂ അല്ലെങ്കിൽ മോഡറേഷൻ സംവിധാനം നടപ്പിലാക്കുക.
തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലം അക്കാദമിക് ഭാവി ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്ന വിധത്തിൽ ഈ നടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.
![]()
