ദമ്മാം: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് (NEET) പരീക്ഷയെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യപേപ്പർ ചോർച്ചയും വിവിധ ക്രമക്കേടുകളും രാജ്യത്തിന്റെ വിദ്യാഭ്യാസ വിശ്വാസ്യതയെ തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച, സംഘടിത തട്ടിപ്പുകൾ, പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകൾ, സാമ്പത്തിക സ്വാധീനങ്ങൾ എന്നിവ പുറത്തുവന്നത് അത്യന്തം ആശങ്കാജനകമാണെന്നും കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതിയവരിൽ പലരും ഇതിനകം തന്നെ വിസ ക്യാൻസലാക്കി നാട്ടിലേക്ക് പോയവരാണ് . വീണ്ടും ഒരു പരീക്ഷ എഴുതുന്നതിന് പുതിയ വിസ എടുക്കുന്നത് ഉൾപ്പെടെ ഒട്ടനവധി കടമ്പകൾ ഇനിയും കടക്കുക എന്നത് വളരെ ഗുരുതരമായ മാനസിക പ്രയാസങ്ങളും ,സാമ്പത്തിക പ്രശനങ്ങളുമാണ് പ്രവാസികൾക്ക് വരുത്തിവെക്കുക എന്നത് ഏറെ പ്രതിഷേധാർഹമാണ് .ഒരു വിദ്യാർത്ഥിയുടെ വർഷങ്ങളായുള്ള അധ്വാനവും കുടുംബങ്ങളുടെ പ്രതീക്ഷകളും ഒരു ദിവസത്തെ പരീക്ഷയിലേക്ക് മാത്രം ചുരുക്കുന്ന നിലവിലെ സംവിധാനം തന്നെ വലിയ മാനസിക സമ്മർദ്ദത്തിനും സാമൂഹിക അസമത്വത്തിനും കാരണമാകുന്നതായും കമ്മിറ്റി നിരീക്ഷിച്ചു. കോച്ചിംഗ് സ്ഥാപനങ്ങളെ ആശ്രയിച്ചുള്ള മത്സരരീതി സാധാരണക്കാരായ വിദ്യാർത്ഥികളെ പിന്നോട്ടടിക്കുകയാണെന്നും പ്രാദേശിക ഭാഷാ വിദ്യാർത്ഥികൾക്കും ഗ്രാമീണ മേഖലയിലെ കുട്ടികൾക്കും സമാന അവസരങ്ങൾ ഉറപ്പാക്കപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ചോദ്യപേപ്പർ അച്ചടി, വിതരണം, പരീക്ഷാ കേന്ദ്ര നിയന്ത്രണം എന്നിവയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ ബന്ധപ്പെട്ട ഏജൻസികൾ പരാജയപ്പെട്ടുവെന്ന വിമർശനവും കമ്മിറ്റി ഉയർത്തി. പരീക്ഷാ മാഫിയകളുടെയും അഴിമതി സംഘങ്ങളുടെയും ഇടപെടൽ വിദ്യാഭ്യാസ മേഖലയെ തന്നെ മലിനമാക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ സംവിധാനത്തെ സമഗ്രമായി പുനഃപരിശോധിക്കണമെന്നും, വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുന്ന രീതിയിലേക്ക് പരീക്ഷ മാറ്റണമെന്നും, സ്കൂൾ അക്കാദമിക് പ്രകടനത്തിനും പ്രാധാന്യം നൽകുന്ന പുതിയ മാതൃക ആവിഷ്കരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്ന കൗൺസിലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും പരീക്ഷയെ “ജീവിതമരണ പോരാട്ടം” ആക്കുന്ന അനാരോഗ്യകരമായ മത്സരാന്തരീക്ഷം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട ഏജൻസികളും അടിയന്തിരവും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷമീർ പത്തനാപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൈസൽ കോട്ടയം , സഈദ് ഹമദാനി , ജോഷി ബാഷ , നവാസ് കൊല്ലം ,റഹ്മത്ത് ഖാൻ , ഷാഹിനഫൈസൽ , ഫൗസിയഷാക്കിർ എന്നിവർ സംബന്ധിച്ചു
![]()
