ജുബൈൽ : മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി ജുബൈൽ മലയാളി സമാജം.റാസ് അൽ ഖൈറിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ അബ്ദുൽ സമദ് ഗുരുതരമായി പരിക്കേൽക്കുകയും, അൽ മന ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു.ജുബൈൽ മലയാളി സമാജത്തിന്റെ പ്രതിനിധികളും ജുബൈൽ–ദമ്മാം മേഖലയിലെ വിശാലഹൃദയരായ സാമൂഹ്യ പ്രവർത്തകരും ഒന്നിച്ചുനിന്ന് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി ഇന്ത്യൻ എംബസിയുടെയും, അൽ മന ഹോസ്പിറ്റലിന്റെയും, എബ്രഹാം മാത്യുവിന്റേയും സഹായത്തോടെ അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയുണ്ടായി.
എന്നാൽ നാട്ടിൽ തുടർചികിത്സ നടക്കുന്നതിനിടെ രണ്ടാമത്തെ കാലിലും അണുബാധ പടർന്ന് മറ്റേ കാലും മുറിച്ചു മാറ്റേണ്ടിവന്നത് ഏറെ വേദനാജനകമായ അവസ്ഥയായിരുന്നു
ജീവിതം തന്നെ വലിയ വെല്ലുവിളിയായ സാഹചര്യത്തിൽ, കൃത്രിമ കാൽ സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ അബ്ദുൽ സമദ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചു. ഈ വിവരം പ്രസിഡന്റ് ബൈജു അഞ്ചലിനെ സുഹൃത്തുക്കൾ അറിയിക്കുകയും, അദ്ദേഹം അതിനെ ഹൃദയപൂർവ്വം ഏറ്റെടുക്കുകയും ചെയ്തു.
രണ്ടു കൃത്രിമ കാലുകൾക്കായി 1,60,000 രൂപ ആവശ്യമായിരുന്നു. എന്നാൽ വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ജുബൈൽ മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ₹2,21,000 സമാഹരിച്ചത് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറി.
ഞായറാഴ്ച ബദർ ഹോസ്പിറ്റൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ബൈജു അഞ്ചൽ, രക്ഷാധികാരികളായ മൂസ അറയ്ക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ ഖുൽഫി, ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ആ തുക അബ്ദുൽ സമദിന്റെ കുടുംബത്തിന് കൈമാറി.
ആവശ്യമായ രേഖകൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മുസ്തഫ, അഷ്റഫ്, ഹമീദ് പയ്യോളി, അബ്ദുൽ സമദിന്റെ ബന്ധുവായ മൂസ എന്നിവർക്ക് കൈമാറുകയും ചെയ്തു
ചടങ്ങിന് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ സ്വാഗതവും, മൂസ അറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി
ജുബൈൽ മലയാളി സമാജത്തിന്റെ പ്രവർത്തകരായ മുബാറക് ഷാജഹാൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ് കുമാർ, നവീൻ കൊത്തേരി, ബെൻസൺ, ഷൈലകുമാർ തുടങ്ങിയവരും, ജുബൈലിലെ സാമൂഹ്യരംഗത്തെ പ്രമുഖരായ ഹമീദ് പയ്യോളി, ഷിഹാബ് മങ്ങാടൻ, റൗഫ്, ഷിനോജ്, ജലീൽ മൂസ, അലി, ഖലീദ് കൊല്ലം, അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
