തിരുവനന്തപുരം : ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം നാളെ തുടങ്ങും.
2026 ജനുവരി 29,30,31 തീയതികളിലാണ് ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ചേരുന്നത്. ജനുവരി 29ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വെച്ച് പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും സംഘടിപ്പിക്കുന്നതാണ്. 2026 ജനുവരി 30,31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭാ നടപടികൾ സംഘടിപ്പിക്കും.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ സാധിച്ചിട്ടുണ്ട് എന്ന് സ്പീക്കർ എ.എന്‍ ഷംസീര്‍ നിയമസഭ മീഡിയാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കും.

ലോക കേരള സഭയില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളില്‍ നോര്‍ക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ നിര്‍ദേശങ്ങളായ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങള്‍, പ്രവാസി മിഷന്, എയര്‍പോര്‍ട്ട് ഹെല്പ് ഡസ്ക്കുകള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം സഭയില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നതാണ്. കൂടാതെ നോര്‍ക്ക വകുപ്പിന്റെ കീഴിലുള്ള ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ലിമിറ്റെഡ് നടപ്പിലാക്കിയ ‘ഷെര്‍പ്പ’ എന്ന നിക്ഷേപ പ്രോത്സാഹന പോര്‍ട്ടലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
അഞ്ചാം ലോക കേരള സഭയോട് അനുബന്ധിച്ച് ജനുവരി 30 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം യുനിവേഴ്സിറ്റി കോളേജില്‍ ‘നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു, രവി രാമന് ജോണ്‍ ബ്രിട്ടാസ് എം പി, . എം എ യുസഫ് അലി, സന്തോഷ് ജോര്‍ജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജന്, വിദ്യാർത്ഥി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.
8 വിഷയ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും 7 മേഖലാ സമ്മേളനങ്ങളും ജനുവരി 30നു 2 മണി മുതല്‍ 6 മണി വരെ സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ മന്ത്രിമാര്‍, വകുപ്പ് സെക്രെട്ടറിമാര്‍, വിഷയ വിദഗ്ധര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.
![]()
