“അത്ര തിടുക്കത്തിൽ എണീറ്റു പോരാൻ പാടില്ലായിരുന്ന ചില ഇടങ്ങളിൽ വീണ്ടും ചെന്നിരിക്കുകയാണ് ഞാൻ.”
പ്രശസ്ത കവി ശ്രീ. കൽപ്പറ്റ നാരായണൻ ‘കോന്തല’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിച്ച ഈ വാചകമാണ് ശ്രീമതി സുബൈദ കോമ്പിലിന്റെ ‘കാട്ടുനെല്ലിക്ക’ എന്ന കഥാസമാഹാരം എന്നെ ഓർമ്മപ്പെടുത്തിയത്. നമ്മുടെ കഴിഞ്ഞകാല അനുഭവങ്ങളിലേക്കും ഗൃഹാതുരത്വത്തിലേക്കും കൂട്ടിക്കൊണ്ടു പോകുന്ന പതിനഞ്ചു കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ കഥയും വായനയുടെ ഒടുവിൽ, ഓർമ്മകളുടെ ഒരു മധുരമുള്ള നീറ്റലോടെയാണ് നമ്മൾ അടച്ചു വെക്കുക.
ആദ്യ കഥയായ ‘കാട്ടുനെല്ലിക്ക’യിൽ, വർത്തമാനകാലത്തെ ചെറിയ അനുഭവങ്ങൾ പോലും എങ്ങനെയാണ് മറന്നുപോയ ഭൂതകാലത്തെ ഓർമ്മകളെ ഉണർത്തുന്നതെന്നും, ആ ഓർമ്മകൾ ഇന്നും നമുക്കൊരു സാന്ത്വനമാകുന്നതെന്നുമാണ് കഥാപാത്രത്തിന്റെ മനോവിചാരങ്ങളിലൂടെ നമ്മൾ അറിയുന്നത്. ആരോരുമില്ലാത്ത നാട്ടിൽ ആൾക്കൂട്ടത്തിൽ തനിയെയാകുന്ന അനുഭവം ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രവാസികൾക്ക് ഈ കഥാപാത്രത്തിന്റെ മാനസികാവസ്ഥ വേഗത്തിൽ ഉൾക്കൊള്ളാനാകും. പ്രശസ്ത കവി കുഴൂർ വിൽസൺ ഈന്തപ്പനകളിൽ വിവർത്തനം ചെയ്ത തെങ്ങുകൾ കണ്ടപോലെ. ‘ഇടിയുടെ മകൾ’ എന്ന കഥയിലാകട്ടെ, സമാന അനുഭവങ്ങളെ ഭൂതകാലത്തിൽനിന്ന് ചികഞ്ഞെടുക്കുന്നതിനൊപ്പം അന്നത്തെ ബുദ്ധിമുട്ടുകളെ ഒരു നിസംഗതയോടെ എഴുത്തുകാരി പറഞ്ഞു വെക്കുന്നുണ്ട്.
പ്രവാസത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന ഒട്ടനവധി കഥകളിലൂടെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള കഥാപാത്രങ്ങളേയും അവരുടെ തീക്ഷ്ണമായ ജീവിതമുഹൂർത്തങ്ങളേയും കാണാനും അനുഭവിച്ചറിയാനും സാധിക്കും. വളരെ കുറഞ്ഞ വാക്കുകളിൽ അന്തഃസത്ത ഒട്ടും ചോർന്നു പോകാതെ പങ്കുവെച്ച ഈ കഥകളൊക്കെ ഒരേ സമയം വീടും ജോലിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന വീട്ടമ്മയുടെ തിടുക്കവും ഒരു അദ്ധ്യാപികയുടെ കണിശതയും വ്യക്തമാക്കുന്നു. തനിക്ക് പാകമാകാത്ത വസ്ത്രം ധരിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന ശാന്തിയുടെ അഭിമാനത്തിലേറ്റ കരിങ്കൽ ചീളുകൾ ‘വേലക്കാരിയുടെ ബാഗ്’ എന്ന കഥയിൽ വായനക്കാരുടെ മനസ്സിലും ഒരു പോറൽ അവശേഷിപ്പിക്കും.
ഗ്രാമ്യജീവിതത്തിന്റെ നൈർമ്മല്യം വരച്ചു കാണിക്കുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. നാട്ടിൻപുറത്തെ നിഷ്ക്കളങ്കമായ ബന്ധങ്ങൾ, പരിസ്ഥിതിയോടും സകല ജീവജാലങ്ങളോടും ഇണങ്ങി ജീവിക്കുന്ന ഒരു പറ്റം കഥാപാത്രങ്ങളെയാണ് ‘തട്ടി മറിച്ച ഓണപ്പായസം,’ ‘മനസ്സ്,’ ‘തുന്നിയ കോഴി’ എന്നീ കഥകൾ നമ്മെ പരിചയപ്പെടുത്തുന്നത്. “മാല ബ് ത്ങ്ങിയ തങ്കച്ചൻ” എന്ന കഥാപാത്രത്തെപ്പോലെ ചിലർ തിരുത്താനാകാത്ത ഒരു തെറ്റുപോലെ വായനയ്ക്ക് ശേഷവും നമ്മളിലൊരു നൊമ്പരം അവശേഷിപ്പിക്കും.
പ്രവാസാനുഭവങ്ങളും നാടും പശ്ചാത്തലമായ ഒട്ടനവധി കഥകൾ സുലഭമായ ഇക്കാലത്ത് ഈ കൃതിയെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം ഭാഷയാണ്. നമ്മൾ കേട്ട് മറന്ന പല നാടൻ പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും ഈ കഥകളെ സമ്പന്നമാക്കുന്നു. “കുരിപ്പാണെങ്കിലും കാ സേർ പോരട്ടെ” എന്ന പ്രാദേശിക പ്രയോഗങ്ങൾ പോലും വായനയ്ക്ക് ഭംഗം വരാത്ത രീതിയിൽ കഥാസന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ‘കാട്ടുനെല്ലിക്ക’ എന്ന കഥയിൽ ഒരിടത്ത്, പട്ടിണിക്കാലത്ത് അടുപ്പിലെ തീ ആളിക്കത്തിച്ച അതേ നെടുവീർപ്പ്, ജീവിതവിജയം വരിച്ച വർത്തമാനകാലത്ത് ഓർമ്മകളുടെ കനലുകൾ കെടുത്തുന്നത് പോലുള്ള ജീവിത വൈരുദ്ധ്യങ്ങളെ എഴുത്തുകാരി അഭ്രപാളികളിൽ എന്നപോലെ നമ്മുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. ജലീൽ എന്ന കഥാപാത്രത്തിന്റെ പഞ്ചാരയെക്കുറിച്ചുള്ള പരാമർശങ്ങളിലും ‘ദൈവനാമത്തിൽ’ എന്ന കഥയിലുമൊക്കെ നർമ്മവും തനിക്ക് വഴങ്ങും എന്ന് കഥാകാരി കാണിച്ച് തരുന്നുണ്ട്.
ഓരോ കഥയും വായനക്കാരന് സമാന അനുഭവങ്ങളിലേക്കും ഓർമ്മകളിലേക്കും ഒരു തിരിച്ചുപോക്കിന് അവസരം നൽകുന്നു. ഇങ്ങനെ ഒരു നിമിഷമെങ്കിലും നമ്മളുപേക്ഷിച്ചുപോന്ന ചില ഇടങ്ങളിലേക്കും ബന്ധങ്ങളിലേക്കും മനസ്സുകൊണ്ടൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരെല്ലാം ‘കാട്ടുനെല്ലിക്ക’ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ഈ കഥകൾ, ഭൂതകാലത്തിന്റെ കയ്പും മധുരവും സമന്വയിപ്പിച്ച്, ഓരോ വായനക്കാരനും ഒരു ആത്മപരിശോധനയ്ക്കുള്ള അവസരം തീർച്ചയായും നൽകും
രഹന ഖാലിദ് തൃശൂർ,UAE
![]()
