അബൂദാബി: അബൂദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് (കിഴിശ്ശേരി) സ്വദേശി ചാലില്‍ അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്.
ദുബായിലും സൗദിയിലും സംരംഭകനായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്.
റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നടത്തുന്ന ജേര്‍ണലിസം ക്ലാസിലെ പഠിതാവാണ് അബ്ദുല്‍ ലത്തീഫ്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റുക്സാനയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെ അബൂദാബി-ദുബായ് റോഡില്‍ ഷഹാമയ്ക്ക് അടുത്തുവെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച കുട്ടികളുടെ പിതാവ് അബ്ദുല്‍ ലത്തീഫ് നേരത്തെ സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലും ജോലി ചെയ്തിരുന്നു. നിലവില്‍ ദുബായിലാണ് താമസം.
അപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ അബൂദാബിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ യു.എ.ഇയില്‍ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

![]()
