ന്യൂഡൽഹി : വീർ സവർക്കർ പുരസ്കാരം തനിക്ക് നൽകുന്നുവെന്ന കാര്യം മാധ്യമ വാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞെതെന്നും പുരസ്കാരത്തിന്റെ സ്വഭാവം, അത് നൽകുന്ന സംഘടന, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ അങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കയില്ല എന്നും ശശി തരൂർ എം പി താനെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്ന് ഡൽഹിയിൽ വെച്ച് നൽകുന്ന ‘വീർ സവർക്കർ പുരസ്കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാർത്തകളിൽ നിന്നാണ് ഞാൻ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കേരളത്തിൽ എത്തിയപ്പോഴാണ് ഇന്നലെ ഞാൻ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഞാൻ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാൻ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡൽഹിയിൽ ചില മാധ്യമങ്ങൾ ഇതേ ചോദ്യം ആവർത്തിക്കുകയാണ്. അതിനാൽ, ഇക്കാര്യത്തിൽ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാൻ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്കാരത്തിന്റെ സ്വഭാവം, അത് നൽകുന്ന സംഘടന, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
![]()
