എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
ആത്മഹത്യകളുടെ വാർത്തകൾ ദിനംപ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. ബാല്യത്തിലുമുതൽ പ്രായമായവർ ഉൾപ്പെടെ സമൂഹം ഒരു മാനസിക തളർച്ചയിലൂടെ കടന്നുപോകുകയാണ്
സമൂഹത്തിന്റെ ഈ മാനസിക ദൗർബല്യത്തിന് പിന്നിൽ ആഴത്തിലുള്ള കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേൾക്കാനുള്ള ഒരാളുടെ അഭാവം. ഇന്നത്തെ ലോകത്ത് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സമയം ഉണ്ട്.പക്ഷേ മറ്റൊരാളുടെ വേദന മനസ്സിലാക്കാനും കേൾക്കാനും സമയം ഇല്ല. സമൂഹം സംസാരിക്കുന്നു, വിലയിരുത്തുന്നു, പക്ഷേ കേൾക്കുന്നില്ല. അതാണ് മനുഷ്യബന്ധങ്ങളുടെ ചൂട് നഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം.
സോഷ്യൽ മീഡിയയിലെ ചിരികളും ഫിൽറ്ററുകളിലെ നിറങ്ങളും, ജീവിതത്തിലെ യഥാർത്ഥ വേദന മറയ്ക്കുന്ന മുഖാവരണങ്ങളാണ്. സന്തോഷം കാണിക്കാനുള്ള ഒരു ലോകത്തിൽ നാം ജീവിക്കുന്നു
എന്നാൽ യഥാർത്ഥ സന്തോഷം നാം നഷ്ടപ്പെടുത്തി. റീൽസുകളിലും പോസ്റ്റുകളിലുമുള്ള സന്തോഷങ്ങൾ പലപ്പോഴും മിഥ്യാ പ്രതിഫലനങ്ങളാണ്. അവ കണ്ടു മറ്റുള്ളവർക്ക് തോന്നുന്നത് എനിക്ക് മാത്രമാണോ ഇങ്ങനെ വിഷമം എന്ന മനോഭാവം. അതാണ് ആത്മവിശ്വാസം മങ്ങുകയും, ഒറ്റപ്പെട്ടുപോകലും തുടങ്ങുന്നതും.
ഒരു ചെറിയ പിണക്കം, പരാജയം പലർക്കും സഹിക്കാനാവാത്ത ദു:ഖമാകുന്നു. കാരണം കേൾക്കുന്ന മനസ്സുകളാണ് നഷ്ടമായത്. മറ്റൊരാളുടെ വേദന നമ്മൾ ചെറുതാക്കി കാണുന്നു, ചിലപ്പോൾ പരിഹസിക്കുന്നു. സമൂഹം പറയുന്നത് അതൊന്നും വലിയ കാര്യമല്ല എന്നതാണ് പക്ഷേ അത് ആ വ്യക്തിക്ക് എല്ലാമാകാം.
ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സമൂഹം തന്നെ മാറേണ്ട സമയമാണ്. കേൾക്കുന്ന മനസ്സ് വളർത്തുക എന്നതാണ് അതിന്റെ തുടക്കം. വീടുകളിൽ മാതാപിതാക്കൾ മക്കളുടെ വാക്കുകൾ കേൾക്കണം, സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളുടെ മൗനം മനസ്സിലാക്കണം, ഓഫീസുകളിൽ സഹപ്രവർത്തകർ പരസ്പരം ശ്രദ്ധിക്കണം. എന്താണ് പറ്റിയത് എന്ന് ചോദിക്കുന്ന ഒരു വാക്ക് പോലും ഒരു ജീവനെ രക്ഷിക്കാം.മറ്റൊരാളുടെ വേദനയെ മനസ്സിലാക്കുക എന്നത് കരുണ മാത്രമല്ല, അത് മനുഷ്യബന്ധത്തിന്റെ അടിസ്ഥാനം കൂടിയാണ്. സമൂഹം അതിന്റെ ചൂട് തിരിച്ചുപിടിക്കുമ്പോൾ, ആത്മഹത്യകളുടെ എണ്ണവും തീർച്ചയായും കുറയും. ഒരാളുടെ ജീവിതം മാറ്റാനുള്ള ശക്തി പലപ്പോഴും മറ്റൊരാളുടെ ചെവിയിലാണ്.
![]()
