റിയാദ് : പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ പ്രതിനിധികൾ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും എംബസി അധികൃതരെ അറിയിച്ചു. വിവിധ കമ്പനികളിൽ ശമ്പളം ക്രമമായി ലഭിക്കാത്തതും സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുന്നതും, സ്പോൺസർഷിപ്പ് മാറ്റം വേണ്ടവർക്ക് അത് അനുവദിക്കാത്തതുമായ വിഷയങ്ങൾ ചർച്ച ചെയ്തു. കൂടാതെ വിമാന ടിക്കറ്റുകളുടെ അമിത നിരക്ക് നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രാലയത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ചു.
എംബസിയും റിയാദിലെ വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന പൊതുപ്രവർത്തനങ്ങളിലും മീറ്റിംഗുകളിലും പ്രവാസികൾക്ക് ആവശ്യമായ നിയമപരമായ ബോധവൽക്കരണം നൽകാൻ പ്രവാസി ലീഗൽ സെൽ തയ്യാറാണെന്നും പ്രതിനിധികൾ വ്യക്തമാക്കി.
തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ യഥാർത്ഥ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം ഡിജിറ്റൽ ഡാറ്റയിലൂടെ ശേഖരിച്ച് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ സഹായകമാക്കണം, നാട്ടിലും വിദേശത്തും പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിലും പ്രവാസികളെ ചതിക്കുന്ന ഏജന്റുമാരെതിരെ എംബസിയും വിദേശകാര്യമന്ത്രാലയവും ചേർന്ന് കർശന നടപടി സ്വീകരിക്കുക,
പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ എംബസിയുടെ കൂടുതൽ സഹകരണം ഉറപ്പാക്കുക അടക്കം നിരവധി ആവശ്യങ്ങളും നിർദ്ദേശങ്ങളും പ്രതിനിധികൽ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്
പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്റർ കോർഡിനേറ്റർ പീറ്റർ വര്ഗീസിന്റെ നേതൃത്വത്തിൽ അഡ്വ. ശങ്കരനാരായണൻ, ഗഫൂർ കൊയിലാണ്ടി, ജേക്കബ്, അസീസ് കടലുണ്ടി, മുഹമ്മദ് ഫാസിൽ എന്നിവരാണ് എംബസ്സിയുടെ കമ്മ്യുണിറ്റി വെൽഫെയർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
എമ്പസിയുമായി സഹകരിച്ച് നിയമപരമായ സേവനങ്ങൾ നൽകാൻ റിയാദിലെ ചാപ്റ്റർ സജ്ജരാണെന്ന് പ്രവാസി ലീഗൽ സെൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഗ്ലോബൽ കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്തും നേരത്തേ ഇൻഡ്യൻ അംബാസഡർക്ക് കത്തെഴുതിയിരുന്നു.
![]()
