റിയാദ്: സമൂഹസേവനത്തിന്റെയും മാനവികതയുടെയും പ്രതിരൂപമായ എ.എച്ച്. മുഹമ്മദ് സാഹിബിന്റെയും, സമർപ്പിത പ്രവർത്തകനായ ജാഫർ അലി ദാരിമിയുടെയും വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം ചേർന്നു.കമ്മിറ്റിയുടെ പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എസ്.ഡി.പി.ഐ പ്രതിനിധി ഷാഫി പള്ളിക്കൽ, മുസ്തഫ ചാവക്കാട് അജുവ റിയാദ് ചാപ്റ്റർ പ്രതിനിധിയായി നസീർ, പി.സി.എഫ് നേതാക്കളായ അഷ്റഫ് ബാഖവി, മനോജ് രാജ, കരീം മഞ്ചേരി, യൂനുസ് മൂന്നിയൂർ എന്നിവർ പങ്കെടുത്തു.
എ.എച്ച്. മുഹമ്മദ് സാഹിബ് തന്റെ ജീവിതം മുഴുവൻ മനുഷ്യസേവനത്തിനായി സമർപ്പിച്ച മഹാനുഭാവനായിരുന്നു. “പ്രയാസം പറഞ്ഞവർക്കു ഒരിക്കലും ‘ഇല്ല’ എന്ന് പറയാത്ത” അതുല്യ വ്യക്തിത്വം. സഹായം അഭ്യർത്ഥിച്ചവർക്ക് അതിനെ സ്വന്തം ഉത്തരവാദിത്തമായി കണ്ട് ഇടപെടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി.
വീൽചെയർ വിതരണങ്ങൾ, ആംബുലൻസ് സേവനങ്ങൾ, വീടില്ലാത്തവർക്ക് നൽകിയ സഹായങ്ങൾ, വിവാഹ പ്രായം എത്തിയ പെൺകുട്ടികൾക്ക് നൽകിയ സാമ്പത്തിക പിന്തുണ, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ — ഇങ്ങനെ അനവധി സേവനങ്ങൾ അദ്ദേഹം നിശബ്ദമായി നിർവഹിച്ചതായി പങ്കെടുത്തവർ പറഞ്ഞു.
കൊറോണ കാലഘട്ടത്തിൽ റിയാദിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ, സമൂഹം ഒരിക്കലും മറക്കില്ലെന്ന് പ്രസംഗകർ ഓർമ്മപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗം പി.ഡി.പി.ക്കും പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിക്കും മാത്രമല്ല, മുഴുവൻ സമൂഹത്തിനും തീരാനഷ്ടമാണ്. അദ്ദേഹം വിതച്ച നന്മയുടെ വിത്തുകൾ ഇന്നും അനേകം ഹൃദയങ്ങളിൽ മുളച്ചു വളരുകയാണ്; ആ ഓർമ്മകൾ സമൂഹത്തെ നന്മയിലേക്കുള്ള വഴിയിലേക്ക് നയിക്കട്ടെയെന്ന് യോഗം പ്രാർത്ഥിച്ചു.
പി സി എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് വളാഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.
![]()
