ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 36 മരണം. മരിച്ചവരില്‍ ആറ് കുട്ടികളും 10 സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉള്‍പ്പെടും്. 40 പേര് അതീവ ഗുരുതരാവസ്ഥയിലാണ്. 20 പേര് കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കരൂരിലായിരുന്നു ശനിയാഴ്ച വിജയ്യുടെ റാലി നടന്നത്. വന്‍ ജനാവലിയാണ് റാലിയില്‍ പങ്കെടുക്കാനെത്തിയത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. വിജയ് ഇടക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കരൂരിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എ.ഡി.ജിപിയും കരൂരിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത. മുന്‍ മന്ത്രി സെന്തില്‍ ബാലാജിയും കരൂര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
മരിച്ചവർക്ക് രാഷ്ട്രപതി മുർമു അനുശോചനം രേഖപ്പെടുത്തി. ‘തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു സാമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.വിജയ്ക്കെതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ്സും ഡി എം കെ യും ആവശ്യപ്പെട്ടു.
![]()
