തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അജിനിലാണ് ഹൃദയം മിടിക്കുക. കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഉള്‍പ്പടെയുള്ള ആറ് അവയങ്ങളാണ് ദാനം ചെയ്തത്. രണ്ട് വൃക്ക, ഹൃദയം, കരള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, രണ്ട് നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് നല്‍കിയത്.ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നു കൊച്ചി ലിസിയിലേക്കാണ് ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചത്.പോലീസ് ഗതാഗതം നിയന്ത്രിച്ചു ആംബുലൻസിന് എത്രയും പെട്ടന്ന് എത്താനുള്ള സജ്ജീകരണങ്ങൾ ചെയ്തു.
കഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയില്‍ വെച്ച് ഐസക് ജോര്‍ജ് വാഹനാപകടത്തില്‍പ്പെട്ടത്. ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിക്കുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. ബുധന്‍ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
![]()
