റിയാദ് : കഴിഞ്ഞ രണ്ട് മാസത്തെ ഫുട്ബോൾ ഉത്സവത്തിന് തിരശീലയിട്ട് റിയാദ് കെഎംസിസി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൽ അറബ് ഡ്രീംസ് ബ്ലാക് ആന്റ് വൈറ്റ് സഫമക്ക റയിൻമ്പോ എഫ് സി മുത്തമിട്ടു. ദിറാബ് ദുറത്ത് മലാബ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളെ സാക്ഷി നിർത്തിയാണ് അവസാന വിസിൽ മുഴങ്ങിയപ്പോൾ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ളാക്ക് ആന്റ് വൈറ്റ് റയിൻമ്പോ എഫ് സി സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്.
ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ബ്ലാക് ആന്റ് വൈറ്റ് റയിൻമ്പോ എഫ് സിയുടെ വിജയം ആധികാരികമായിരുന്നു.
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ ബ്ലാക് ആന്റ് വൈറ്റിന്റെ സംഘടിതമായ നീക്കത്തിനൊടുവിൽ വലത് മൂലയിൽ നിന്ന് മുന്നേറ്റനിര താരം ജംഷീർ തൊടുത്തുവിട്ട അതിമനോഹരമായ ഷോട്ട് യൂത്ത് ഇന്ത്യ എഫ് സി യുടെ ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിൽ വിശ്രമിച്ചു. ഗോൾ നേടിയ ആവേശത്തിൽ ഇരച്ചു കേറിയ ബ്ളാക്ക് ആന്റ് വൈറ്റ് താരങ്ങൾ നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഇരുപതാം മിനിറ്റിൽ പെനാൽറ്റി കൂടി ലഭിക്കുകയും മുഹമ്മദ് റാഫി ഗോളാക്കുകയും ചെയ്തു. (2-0). ആദ്യ പകുതി അവസാനിക്കുവാൻ മിനിറ്റുകൾ ബാക്കി നിൽക്കെ യൂത്ത് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരം ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ ആരംഭത്തിൽ ഇരു ഗോൾ മുഖത്തും നിരവധി ഗോൾ അവസരങ്ങൾ കണ്ടെങ്കിലും അത് മുതലാക്കുവാൻ ആർക്കും സാധിച്ചില്ല. കളിയുടെ അൻപത്തി അഞ്ചാം മിനിറ്റിൽ ഒരു പെനാൽറ്റി കൂടി ബ്ളാക്ക് ആന്റ് വൈറ്റിന് അനുകൂലമായി കിട്ടിയെങ്കിലും അത് ഗോളാക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ശിവദാസനിലൂടെ മൂന്നാം ഗോൾ നേടി ബ്ളാക്ക് ആന്റ് വൈറ്റ് കിരീടനേട്ടം ഉറപ്പിച്ചു. അറുപത്തി മൂന്നാം മിനിറ്റിൽ ബസാം യൂത്ത് ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തി.
ബ്ളാക്ക് ആന്റ് വൈറ്റ് റെയിൻമ്പോ എഫ് സിയുടെ ജംഷീറാണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായത്. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പുരസ്കാരം കൈമാറി.
ഫൈനൽ മത്സര ചടങ്ങുകൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. റാന്യസഭാ അംഗവും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ ഹാരിസ് ബീരാൻ എം പി, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു എന്നിവർ പ്രസംഗിച്ചു.
വിജയികളായ ബ്ളാക്ക് ആന്റ് വൈറ്റ് റയിൻമ്പോ എഫ് സിക്കുള്ള കിരീടം അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാൻ എം പി, കമാൽ വരദൂർ റയാൻ പോളിക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി എന്നിവർ ചേർന്ന് കൈമാറി. റണ്ണറപ്പായ യൂത്ത് ഇന്ത്യ സോക്കറിനുള്ള ട്രോഫി, അഡ്വ ഹാരിസ് ബീരാൻ എം പി, കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ എന്നിവർ നൽകി. വിജയികൾക്കുള്ള പ്രൈസ് മണി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, റണ്ണറപ്പായ ടീമിനുള്ള പ്രൈസ് മണി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ കൈമാറി.
ടൂർണമെന്റിലെ മികച്ച ടീമായി അസീസിയ സോക്കറിനെ തെരഞ്ഞെടുത്തു.
ബ്ളാക്ക് ആന്റ് വൈറ്റ് റയിൻമ്പോ എഫ് സി താരങ്ങളായ മുഹമ്മദ് റാഫി സൂപ്പർ കപ്പിലെ മികച്ച കളിക്കാരനായും മുഹമ്മദ് സുഹൈൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഇന്ത്യ സോക്കറിന്റെ നൗഫാനാണ് മികച്ച പ്രതിരോധനിര താരം. അസീസിയ സോക്കറിന്റെ മുഹമ്മദ് നിയാസ് ടൂർണമെന്റിൽ ടോപ് സ്കോററായി.
ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഉസ്മാൻ അലി പാലത്തിങ്ങൽ, മുജീബ് ഉപ്പട, അഡ്വ. അനീർ ബാബു, ജലീൽ തിരൂർ എന്നിവർ കൈമാറി. വിവിധ ടീമുകൾക്കുള്ള ക്യാഷ് അവാർഡുകളും പുരസ്കാരങ്ങളും സത്താർ താമരത്ത്, ഷമീർ പറമ്പത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അഷ്റഫ് കൽപകഞ്ചേരി, ഷംസു പെരുമ്പട്ട, സിറാജ് മേടപ്പിൽ, ഷാഫി മാസ്റ്റർ തുവ്വൂർ, നജീബ് നല്ലാംങ്കണ്ടി, പി സി അലി, മാകുക്കോയ തറമ്മൽ, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി എന്നിവർ നൽകി.

വാദ്യമേള, ഗാനസന്ധ്യ, പെനാൽറ്റി ഷൂട്ട്ഔട്ട്, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ഫൈനൽ മത്സരം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി പൊന്മള,
സിറ്റി ഫ്ളവർ എച്ച് ആർ മാനേജർ സ്വാലിഹ് അബ്ദുള്ള ഹംസ, എ ബി സി കാർഗോ ഡയരക്ടർ സലീം അബ്ദുൽ ഖാദർ, ഔട്ട് റൈറ്റ് ഗ്ലോബൽ എം ഡി. ജസീർ, എ ജി സി കാർ ആക്സസറീസ് എം ഡി അലി, ശാഹുൽ അൻവർ മോഡേൺ സർക്യൂട്ട്, ജയ് മസാല മാർക്കറ്റിംഗ് മാനേജർ മണിക്കുട്ടൻ, അൽ ബിനിയ ബ്യൂട്ടി പാർലർ ഹെഡ് സ്റ്റീഫൻ, സഫമക്ക പോളിക്ലിനിക്ക് എച്ച് ആർ മാനേജർ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്റ്റേൺ യൂണിയൻ ബ്രാഞ്ച് മാനേജർ, ബഷീർ ഐ ബി ടെക്, ബഷീർ പാരഗൺ, ശർഗാവി ലോജിസ്റ്റികിസ് എം ഡി. മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി അൺലോക്ക്, നജ്മുദ്ധീൻ മഞ്ഞളാം കുഴി റോയൽ മിറാജ്, റീവ് കൺസൾട്ടന്റ് ഡയറക്ടർ റാഷിദ് എൻ എം, മാൻഗോ സിറ്റി മാനേജർ ഷബീർ ഓതായി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
![]()
