റിയാദ്: കെഎംസിസി ഗ്രാന്റ് ഹൈപ്പർ – അൽ റയാൻ പോളി ക്ലിനിക്ക് സൂപ്പർ കപ്പിന്റെ കലാശപോരാട്ടം സെപ്റ്റംബർ 5 വെള്ളിയാഴ്ച നടക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6
മണിക്കാണ് മത്സരങ്ങളും ചടങ്ങുകളും നടക്കുക. ദിറാബ് ദുറത്ത് അൽ മലാബ് സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി നടന്നു വരുന്ന ഫുട്ബോൾ
ടൂർണമെന്റിനാണ് വെള്ളിയാഴ്ച തിരശീല വീഴുന്നത്. ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും അറബ് ഡ്രീമ്സ് ബ്ലാക് ആന്റ്
വൈറ്റ് സഫമക്ക റയിൻമ്പോയും തമ്മിലാണ് സൂപ്പർ കപ്പ് ഫൈനലിൽ
മാറ്റുരക്കുന്നത്. കെഎംസിസി കപ്പ് ഫൈനലിൽ പാരജോൺ കോഴിക്കോട് ജില്ല കെഎംസിസി
പാലക്കാട് ജില്ല കെഎംസിസിയെ നേരിടും.
വീറും വാശിയും നിറഞ്ഞ രണ്ട് ടൂർണമെന്റുകളാണ് സൂപ്പർ കപ്പിൽ നടന്നത്.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ ഫസ്റ്റ് ഡിവിഷൻ കളിക്കുന്ന എട്ട്
ക്ളബ്ബുകൾ മാറ്റുരച്ച ടൂർണമെന്റിനോടൊപ്പം കെഎംസിസിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ പങ്കെടുത്ത ടൂർണമെന്റുമാണ് വലിയ ആവേശത്തോടെ നടന്നത്. ഇന്ത്യൻ
ദേശീയ താരങ്ങൾ ഉൾപ്പടെ ഐ ലീഗ്, സന്തോഷ്ട്രോഫി തുടങ്ങി ഇന്ത്യയിലെ വിവിധ
ക്ളബ്ബുകൾക്ക് വേണ്ടി ജഴ്സിയണിഞ്ഞ രണ്ട് ഡസനിലധികം താരങ്ങളാണ് വിവിധ
ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ഖത്തർ, യു എ ഇ, ബഹ്റൈൻ, സൗദി അറേബ്യ
തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി കളിക്കാർ ഉൾപ്പടെ നാനൂറിലധികം കളിക്കാരാണ്
കഴിഞ്ഞ രണ്ട് മാസം നീണ്ടുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയത്.
സംഘാടനം കൊണ്ടും ജനബാഹുല്യം കൊണ്ടും സൗദി തലസ്ഥാന നഗരം കണ്ട ഏറ്റവും
മികച്ച ടൂർണമെന്റിനാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി
നേതൃത്വം നൽകിയത്. ഫൈനൽ മത്സരത്തിൽ സംബന്ധിക്കുവാൻ മുസ്ലിം ലീഗ് സംസ്ഥാന
ജനറൽ സെക്രട്ടറി പി എം എ സലാം, രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ
അഡ്വ. ഹാരിസ് ബീരാൻ എം പി, ചന്ദ്രിക പത്രാധിപരും ഇന്റർ നാഷണൽ സ്പോർട്സ്
ജേർണലിസ്റ്റുമായ കമാൽ വരദൂർ, ദുബൈ കെഎംസിസി പ്രസിഡന്റും ഗ്രാന്റ് ഹൈപ്പർ
മാർക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അൻവർ അമീൻ, അൽ റയാൻ പോളിക്ലിനിക്
മാനേജിംഗ് ഡയറക്ടർ വി പി മുഹമ്മദ് അലി, ദളിത് ലീഗ് സംസ്ഥാന ജനറൽ
സെക്രട്ടറി ഇ. പി. ബാബു, കെ എം സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്
കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ കാദർ ചെങ്കള തുടങ്ങി റിയാദിലെ മറ്റു സാമൂഹ്യ
സാംസ്കാരിക ബിസിനസ്സ് രംഗത്തെ പ്രമുഖരും ഫൈനൽ മത്സരത്തിൽ സംബന്ധിക്കും.
വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പടെ കലാശപ്പോരാട്ടത്തിനുള്ള മുഴുവൻ
ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ശീതീകരിച്ച പവലിയൻ ഉൾപ്പടെ ആയിരങ്ങൾക്ക് കളികാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫുട്ബോൾ
സംഘാടകമിതി ഭാരവാഹികൾ പറഞ്ഞു.
ജനറൽ കൺവീനർ ശുഐബ് പനങ്ങാങ്ങര, ചീഫ് കോ
ഓഡിനേറ്റർ മുജീബ് ഉപ്പട,ഓർഗനൈസിംഗ്
സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു എന്നിവർ
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
![]()
