ഷിംന സീനത്ത്, റിയാദ്
ഉച്ചയുറക്കത്തിൽ
ഉടൽ പാതിമുറിഞ്ഞ്
രണ്ട് സ്വപ്നങ്ങളിലേക്കുണരുന്നു.
ആദ്യത്തേതിൽ –
കാമുകിയാണ്.
ഞങ്ങളെ വഹിച്ചോടിത്തളർന്ന
കുതിരകൾ
നുരതുപ്പി,
തളർന്ന്
നിലംപതിച്ചു.
ചുറ്റും നോക്കി.
ത്രിമാനാകൃതിയിലുള്ളൊരു
മരുഭൂമിയിലെ
പുതുക്കിപ്പണിതൊരു
തെരുവല്ലേ ഇത് ?
നിലത്തെറിഞ്ഞ തൂവാല
നടുപിടിച്ചു പതുക്കെ
വലിച്ചെടുത്തപോലെ കുന്നുകൾ.
ദൈവമൊരു ചിത്രമേ വരച്ചുള്ളു.
ബാക്കി പകർപ്പെടുത്ത്
പണി തിടുക്കത്തിൽ തീർത്തതാണ്.
മുറുക്കെപ്പിടിച്ച
കൈനനവിൽ വെയിൽപ്പൂക്കൾ
കോർത്തു കോർത്തു
തുന്നിയെടുത്തൊരു പ്രേമകാലം.
ഞാൻ കനത്ത ഷേഡിൽ
പുഷ്പിക്കാൻ വെമ്പുന്ന അഡീനിയം ചെടി.
ഉടൽ പുളയലിൽ പിറന്ന മണൽമടക്കുകൾ
മരുഭൂമിയെ പൂണ്ട് വളരുന്നു.
മണൽ കാറ്റേറ്റ്
മണൽ തുഴഞ്ഞ്
ദിശ തെറ്റി
തണുത്ത്,
തളിർത്ത്,
എങ്ങോട്ട് നടന്നാലാണീ പുതിയ കാലം?
മറുപാതിയുടലിൽ
യുദ്ധഭൂമിയിലെ ചിത്രമെടുപ്പുകാരി.
ഭൂമിയില്ലാത്ത ഭൂവുടമകൾ
ചാപ്പകുത്തപെട്ടവർ
മുറിവേറ്റവർ
മുറിഞ്ഞവർ
മുറിവ്
ആഴത്തിലുള്ള
പടരുന്ന..
തെരുവിലേക്ക്
വേരുകളിലേക്ക്
തലമുറകളിലേക്ക്
മുറിവേറ്റ ആശുപത്രി
മുറിവേറ്റ വീട്
മുറിവില്ലാതെ ചോരവാർന്നവർ
അന്വേഷിക്കുന്നവർ
പട്ടച്ചരടിനെ
വീട്
കുഞ്ഞിനെ
ശവശരീരത്തെ
മറവിയെ
മരണത്തെ
ദൈവമേ ..
ഇതാർക്ക് വേണ്ടി പുതുക്കിപ്പണിത തെരുവാണ് ?
എങ്ങോട്ട് നടന്നാലാണാ പഴയ കാലം?
![]()
