റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, മുൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും തുടക്കം മുതൽ എംബസിയുടെ പ്രതിനിധിയായി കേസ് കൈകാര്യം ചെയ്തു വന്ന യൂസഫ് കാക്കഞ്ചേരി എന്നിവർ കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു.
കോഴിക്കോട് കാരന്തൂർ മാർക്കസിൽ നടന്ന കൂടിക്കാഴ്ചയിൽ റഹീം കേസുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ കാന്തപുരം ചോദിച്ചറിഞ്ഞു, വ്യത്യസ്ത കേസുകളിൽ സൗദി ജയിലിൽ ഇന്ത്യക്കാരെ കുറിച്ചും വാഹനാപകടം, മനപൂർവ്വമല്ലാതെ സാഹചര്യം ഒരുക്കിയ കെണിയിൽ പെട്ടവർ തുടങ്ങി ക്രിമിനൽ കേസുകളിൽ അല്ലാതെ സൗദി ജയിലിൽ കഴിയുന്നവരുടെ മോചനവുമായി ബന്ധപ്പെട്ട സാധ്യതകളും ഇരു വിഭാഗവും ചർച്ച ചെയ്തു.
നിമിഷപ്രിയ കേസിൽ കാന്തപുരം നടത്തിയ ഇടപെടൽ പല കേസുകളുടെയും അനുഭവം വെച്ച് നോക്കുമ്പോൾ വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് യൂസഫ് കാക്കഞ്ചേരി പറഞ്ഞു. ചില കേസുകളിൽ നയതന്ത്ര ഇടപെടലികളേക്കാൾ ഫലപ്രദമാകുക വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചുള്ള ശ്രമങ്ങൾക്കാണ് സാധ്യത കൂടുതൽ. സ്വകാര്യ അവകാശത്തിന്മേൽ തീർപ്പുണ്ടാകുന്നതിന് സൗദിയിലും ഇത്തരം മാർഗങ്ങൾ തേടാറുണ്ടെന്ന് സിദ്ദിഖ് തുവ്വൂരും പറഞ്ഞു.
കൊറോണകാലത്ത് വിവിധ പ്രതിസന്ധികളിൽ അകപ്പെട്ട മലയാളികൾക്ക് സഹായം നൽകാൻ മാർക്കസ് ബന്ധപ്പെട്ടിരുന്നു. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ കഴിഞ്ഞതിൽ ചാരിദാത്ത്യമുണ്ടെന്നും സിദ്ധിഖ് തുവ്വൂർ പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ ഐ സി എഫ് സൗദി അറേബ്യയിൽ നടത്തി വരുന്ന ഇടപെടലുകൾ സംഘം കാന്തപുരത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
![]()
