കൊച്ചി: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രയ്ക്കുള്ളവര്‍ 5 മണിക്കൂര്‍ മുൻപ് വിമാനത്താവളത്തിൽ റിപ്പോർട് ചെയ്യണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആഭ്യന്തര വിമാനയാത്രക്കാര്‍ 3 മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണം.
എയർ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് ജെറ്റ് തുടങ്ങി എല്ലാ വിമാനക്കമ്പനികളും യാത്രക്കാരോട് കുറഞ്ഞത് മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതിനാലാണ് ഇത്.
സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതിന്റെ ബലമായി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രാഥമികമായ പരിശോധനകള്‍ക്ക് പുറമേ സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് നിര്‍ബന്ധമാക്കി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു.
വിമാനത്താവളത്തിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷം വീണ്ടും നടത്തുന്ന പരിശോധനയാണ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്. യാത്രക്കാര്‍ക്ക് മാത്രമല്ല ക്രൂ അംഗങ്ങള്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്കും ഈ പരിശോധന നടത്തും.
![]()
