മക്ക : ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം നൽകി.ശനിയാഴ്ച രാത്രി 10ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെ തീർഥാടകരാണ് ഞായറാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ ഇറങ്ങിയ ശേഷം ബസിൽ രാവിലെ ആറോടെ മക്കയിലെത്തിയത്.
മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. അപ്രത്രീക്ഷിത സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി. ഹോട്ടലിൽ അൽപ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുൽ ഹറാമിലെത്തി ഉച്ചയോടെ ഉംറ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകർ ഈ മാസം 10 മുതൽ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവർ മടങ്ങുക. മക്കയിൽ ഹാജിമാർക്ക് വേണ്ട മുഴുവൻ ഒരുക്കവും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പൂർത്തിയായിട്ടുണ്ട്.
ആദ്യ സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ നേതൃത്വം നൽകി.
![]()
