തിരുവനന്തപുരം : പതിനായിരങ്ങളെ സാക്ഷിനിർത്തി രാജ്യത്തെ ആദ്യത്തെ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷത വഹിച്ചു . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മന്ത്രി വി എന്‍ വാസവന്, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പദ്ധതി കമ്മീഷന് ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്.ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മോദി പറഞ്ഞു. ആദിശങ്കര ജയന്തി ദിനമാണ് ഇന്ന്. ആദി ശങ്കരന് മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു.
കേരളത്തിന്റെ സ്വപ്നസാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് കേവലമൊരു തുറമുഖ കവാടം തുറക്കലല്ലെന്നും രാജ്യത്തിൻ്റെ വികസനത്തിൻ്റെ മഹാകവാടം തുറക്കലാണെന്നും ചെലവിൻ്റെ എറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. കേരളത്തിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവ്. 2028 ൽ തുറമുഖത്തിൻ്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊണ്ണൂറുകളിലാണ് തുറമുഖ നിർമാണം സജീവ ചര്‍ച്ചയിലെത്തുന്നത്. 2015 ല്‍ കരാര്‍ ഒപ്പിട്ടു. അതേവര്‍ഷം, ഡിസംബറില്‍ നിര്‍മാണം തുടങ്ങി. 2019ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പ്രതിസന്ധികള്‍ പലതും തടസമായി. 2024 ജൂലായ് 11ന് ആദ്യ ചരക്കു കപ്പലെത്തി. ട്രയല്‍ റണ്‍ കാലത്തു തന്നെ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകള്‍ എത്തിയ അപൂര്‍വം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.
![]()
