സമൂഹ മാധ്യമമായ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള വക നല്‍കാനുള്ള ശ്രമം നടത്തുമെന്ന് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ത്രെഡ്സ്’ അവതരിപ്പിച്ച് ആഴ്ചകള്‍ക്കുളളിലാണ് മസ്കിന്റെ കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പണം ലഭിക്കണമെങ്കില്‍ ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ക്കു മാത്രമാണ് നിലവിൽ അർഹതയുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തങ്ങളുടെ പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.(ഒരാളുടെ പോസ്റ്റുകള്‍ എത്ര തവണ കണ്ടു എന്നതിന്റെ എണ്ണമാണ് ഇംപ്രഷന്‍സ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.) ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം നല്‍കുക. യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ. യോഗ്യരായവര്‍ അപേക്ഷ നല്‍കണം.
വരുമാനം ലഭിച്ചവര്‍ ഈ മാസം അവസാനം മുതല്‍ മാത്രമാണ് പണം നല്കി തുടങ്ങുന്നതെന്നു ട്വിറ്റര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോള്‍ തന്നെ പ്രതിഫലം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് ഷിബെറ്റൊഷി നക്കമോട്ടോ അത്തരത്തിലൊരാളാണ്. തനിക്ക് 37,050 ഡോളര്‍ലഭിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. രചയിതാവായ ആഷ്ലി സെയ്ന്റ് ക്ലെയര്‍ (7,153 ഡോളര്‍), പോഡ്കാസ്റ്റര്‍ ബെനി ജോണ്സണ് (5,455 ഡോളര്‍) തുടങ്ങിയവരും തങ്ങള്‍ക്ക് ട്വിറ്റര്‍ പണം തന്നു എന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ‘സെല്‍ഫ് റ്റോട്ട് ബ്രെയിന്‍സര്‍ജന്‍’ എന്നു വിശേഷിപ്പിച്ച ഒരു ഉപയോക്താവ് തനിക്ക് 107,247 ഡോളര്‍ ലഭിച്ചു എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് 17,000 ലേറെയെ ഫോളേവേഴ്സ് ഉള്ളു . അതിനാൽത്തന്നെ പണം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വ്യക്തമല്ല. ഇംപ്രഷന്‍സിന്റെ കാര്യത്തിൽ ഭാവിയില്‍ ഇളവു വരുത്തുമോ എന്നതും ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല.
ട്വിറ്ററില്‍ ഡേറ്റിങും?
ജനപ്രിയ ഡേറ്റിങ് വെബ്സൈറ്റുകളായ ടിന്‍ഡറിലും, ബംബിളിലും പ്രത്യേകതകളുള്ള ആരെയും പ്രണയിക്കാന്‍ കിട്ടിയില്ലെങ്കില്‍ ട്വിറ്ററില്‍ അതിനു ശ്രമിക്കാമെന്ന് വാദം. താന്‍ ചില ഡേറ്റിങ് ആപ്പുകള്‍ ഡിലീറ്റു ചെയ്തു എന്നും, പ്രണയത്തില്‍ വീഴാനുള്ളശ്രമം ഇനി പഴയ രീതിയില്‍ തുടരുമെന്നും ട്വീറ്റു ചെയ്ത ഒരാള്‍ക്കുള്ള മറുപടി ആയി ആണ് ട്വിറ്ററില്‍ ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കാന്‍ മസ്ക് ഉപദേശിച്ചത്. അങ്ങനെ നിരവധി പേര് ട്വിറ്ററില്‍ പരസ്പരം കണ്ടെത്തിയിട്ടുണ്ടെന്നും മസ്ക് കുറിച്ചു. ടിന്‍ഡറും ട്വിറ്ററുംചേര്ത്ത് ‘ട്വിന്‍ഡര്‍’ സൃഷ്ടിക്കാമെന്ന് ഒരാള്‍ മുന്നോട്ടുവച്ച ആശയവും മസ്കിന് ഇഷ്ടപ്പെട്ടു.
ഭാരത്നെറ്റിനായി 1.5 ലക്ഷം കോടി മുടക്കുമെന്ന് മന്ത്രി
ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയായ ഭാരത്നെറ്റിനായി കേന്ദ്രം 13 ബില്ല്യന്‍ ഡോളര്‍ മുടക്കുമെന്ന് കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമായിരിക്കുന്നത് ഏകദേശം 850 ദശലക്ഷംആളുകള്ക്കാണ്, മന്ത്രി പറഞ്ഞു. ഭാരത്നെറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമമാണ് നടത്തുക.
വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് അതിപ്രധാന സുരക്ഷാ അപ്ഡേറ്റ്
വിവിധ വിന്‍ഡോസ് സോഫ്റ്റ്വെയര് ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ 132 പിഴവുകള്‍ക്കായി ഒരു സുപ്രധാന സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇതില്‍ ആറെണ്ണം ഇപ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവയാണ്. കൂടാതെ, 37 റിമോട്ട് കോഡ് എക്സിക്യൂഷന് ഭേദ്യതകളും ഉണ്ട്. ഇവയില്‍ 9 എണ്ണം പ്രശ്നമുള്ളവയാണ്. വിന്‍ഡോസില്‍ കണ്ടെത്തിയ ഭേദ്യതകള് മുതലെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് റോംകോം (RomCom) എന്നറിയപ്പെടുന്ന റഷ്യന്‍ സൈബര്‍ ക്രിമിനലുകളാണെന്നും കമ്പനി പറയുന്നു. സുരക്ഷാ അപ്ഡേറ്റ് എത്രയും വേഗം വിന്‍ഡോസ് ഉപയോക്താക്കള്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു.
പ്രൈം ഡേ വില്‍പ്പന: ആമസോണ്‍ എക്കോ, കിന്‍ഡ്ല്‍, ഫയര്‍ടിവി തുടങ്ങിയവയ്ക്ക് വിലക്കുറവ്
ആമസോണ്‍ കമ്പനിയുടെ സ്വന്തം ഡിവൈസുകളായ എക്കോ, കിന്‍ഡ്ല്‍, ഫയര്‍ടിവി തുടങ്ങിയവ ഏറ്റവും വിലക്കുറവില്‍ സ്വന്തമാക്കാവുന്ന അവസരമാണ് പ്രൈം ഡേ. മറ്റു സെയിലുകളിലും ഇവയ്ക്ക് വില കുറയാറുണ്ടെങ്കിലും പ്രൈം ഡേ വില്‍പ്പനയില്‍ ലഭിക്കുന്നത്ര കിഴിവ്ലഭിക്കാറില്ല.
കിന്‍ഡ്ല്‍
പുസ്തക വായന ഇറീഡറിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വാങ്ങാവുന്ന ഡിവൈസുകളാണ് കിന്‍ഡ്ല്‍. ഇവയ്ക്ക് വര്ഷാവര്ഷമെന്നവണ്ണം വില വര്‍ദ്ധിപ്പിക്കുകയാണ് എന്നത് ഒരു സത്യമാണ്. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍ 10-ാം തലമുറയിലെ കിന്‍ഡ്ല്‍ ആണ്. 7,999എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ 6,499 രൂപയ്ക്കു വില്‍ക്കുന്നു.
കൂടുതല്‍ ഫീച്ചറുകളുള്ള പേപ്പര്‍വൈറ്റിന്റെ വിവിധ മോഡലുകള്‍ വില്ക്കപ്പെടുന്നു. സിഗ്നെചര്‍ എഡിഷന് 17,999 രൂപയാണ് എംആര്‍പി. അതിപ്പോള്‍ 14,999 രൂപയ്ക്കു വില്‍ക്കുന്നു. കിന്‍ഡ്ല്‍ പേപ്പര്‍വൈറ്റ് എല്‍ടിഇ (10-ാം തലമുറ) ഇതെഴുതുന്ന സമയത്ത് 7,999 രൂപയ്ക്കു വില്‍ക്കുന്നു. ഏറ്റവും മുന്തിയ വേരിയന്റായ കിന്‍ഡ്ല്‍ ഓഎയ്സിസിന്റെ ഒന്നിലേറെ തലമുറകളും ലഭ്യമാണ്. 10-ാം തലമുറയിലെ 8ജിബി വേരിയന്റിന് 21,999 രൂപയാണ് എംആര്‍പി. അതിപ്പോള്‍ 17,999 രൂപയ്ക്കു വില്‍ക്കുന്നു.
എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍
വിഡിയോ കാണാനുള്ള സ്ക്രീനുള്ളതും അല്ലാത്തതുമായ പല തരത്തിലുള്ള സ്മാര്‍ട്ട് സ്പീക്കറുകളും എക്കോ ശ്രേണിയില്‍ ആമസോണ്‍ പുറത്തിറക്കുന്നു. ഇവയില്‍ മൂന്നാം തലമുറയിലെ എക്കോ ഡോട്ടിന് എംആര്‍പി 4,499 രൂപയാണ്. ഇതിപ്പോള്‍ 1,949 രൂപയ്ക്കു വില്‍ക്കുന്നു. സ്ക്രീനുള്ള മോഡലുകളിലെ തുടക്ക മോഡല്‍ എക്കോ ഷോ 5 ആണ്. എംആര്‍പി 8,999 രൂപ. ഇപ്പോള്‍ വില്‍ക്കുന്നത് 5,499 രൂപയ്ക്കാണ്. ഇവയ്ക്ക് ക്യാമറകളും ഉള്ളതിനാല്‍ വിഡിയോ കോളുകള്‍ നടത്തുകയും, നിരീക്ഷണ ക്യാമറയായി ഉപയോഗിക്കുകയും ചെയ്യാം.
എക്കോ സ്പീക്കറുകള്‍ക്കൊപ്പം സ്മാര്ട്ട്ബള്ബുകള് ലഭിക്കുന്ന ഓഫറുകളും ഉണ്ട്. വോയിസ് കമാന്‍ഡ് വഴി ഇവ പ്രവര്‍ത്തിപ്പിക്കാം. സ്മാര്‍ട്ട് ഹോം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ക്രീന്‍ ഉള്ളതും ഇല്ലാത്തതുമായ ഏത് എക്കോ ഉപകരണവും ഗുണംചെയ്തേക്കും. (ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവ വൈ-ഫൈ ഉപയോഗിച്ച് ഇന്റര്നെറ്റുമായികണക്ടു ചെയ്താല്‍ മാത്രമെ പ്രവര്‍ത്തിക്കൂ എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ഷന് പോലും മതിയാകും.) എക്കോ പ്രീമിയം മോഡലുകളിലൊന്ന് ഷോ 10 ആണ്. ഇതിന് എംആര്‍പി 24,999 രൂപയാണ്. ഇപ്പോള്‍ വില്‍ക്കുന്നത് 21,999 രൂപയ്ക്കാണ്.
സാധാരണ ടിവികളെ സ്മാര്‍ട്ട് ടിവികളാക്കാന് ഉതകുന്ന ഉപകരണങ്ങളാണ് ഫയര്‍ ടിവി ശ്രേണിയിലുള്ളത്. ഇവ ഉപയോഗിച്ച് ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ കാണാം (സബ്സ്ക്രിപ്ഷന്റെ ചിലവ് വേറെ). എംആര്‍പി 3,999 രൂപയുളളഫയര് ടിവി സ്റ്റിക് ലൈറ്റ് ഇപ്പോള്‍ 1,799 രൂപയ്ക്കു വില്‍ക്കുന്നു. ഒപ്പം ആമസോണിന്റെ വോയിസ് അസിറ്റന്റ് അലക്സ ഉള്‍ക്കൊള്ളുന്ന വോയിസ് റിമോട്ടും ലഭിക്കുന്നു.
ഫയര്‍ ടിവി സ്റ്റിക് 4കെ മാക്സ് സ്ട്രീമിങ് ആണ് ഏറ്റവും വില കൂടിയ ഉപകരണങ്ങളിലൊന്ന്. ഇതിന് 6,499 രൂപയാണ് എംആര്‍പി. സെയിലില്‍ 3,499 രൂപ. ഇത്തരത്തിലുള്ള ഉപകരണങ്ങളില്‍ ഏറ്റവും ചിലവേറിയത് ഫയര്‍ ടിവി ക്യൂബ് ആണ്. ഇതിന് എംആര്‍പി 13,999 രൂപയാണ്. ഇളവ് പ്രഖ്യാപിച്ചിട്ടില്ല.
![]()
