തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വീട്ടുമുറ്റത്തു നിന്ന മൂന്നുവയസുകാരിയുടെ മുഖത്ത് നായ കടിച്ചു. പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബാലരാമപുരം മംഗലത്ത് കോണത്ത് രണ്ട് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. ഈ കുട്ടിയുടെ വീടിന് സമീപത്താണ് വീണ്ടും സംഭവമുണ്ടായതെന്നാണ് വിവരം.രാവിലെ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ട് വയസ്സുകാരന് ദീക്ഷിതിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ വീട്ടുകാരാണ് നായയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
നേരത്തെ തിരുവനന്തപുരം അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെയാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കകം ചത്ത് പോയിരുന്നു.
വ്യാഴാഴ്ച തൃശൂർ ചാലിശ്ശേരി മുക്കൂട്ടയിലും മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായ ആക്രമിച്ചത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്.
![]()
