ന്യൂ ഡൽഹി : ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പിന്തുണച്ചേക്കുമെന്ന് സൂചന. കേന്ദ്രസര്‍ക്കാരിന്റെ ‘ആക്രമണങ്ങളില്‍’ നിന്ന് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശമാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ഓര്‍ഡിനന്‍സിനെ ചൊല്ലി അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി കോണ്‍ഗ്രസ് അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. എന്നാല്‍ ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയം അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
‘സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഫെഡറല്‍ ഘടനയ്ക്കെതിരായ ഏത് ആക്രമണത്തെയും കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും എതിര്‍ത്തിട്ടുണ്ട്, അത് തുടരും. പാര്‍ലമെന്റിനകത്തും പുറത്തും’ ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ എഎപിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്ന സൂചനകള്‍ ഉയര്‍ന്നത്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു.
പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നിരുന്നു. ഓര്‍ഡിനന്‍സ് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ബില്ലിനെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്നും ചോദിച്ചപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികളെ പാര്‍ട്ടി തുടര്‍ച്ചയായി എതിര്‍ക്കുന്നുവെന്ന് കമ്മ്യൂണിക്കേഷന്‍സ് ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം മെയ് 19 ന് ആണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പോലീസ്, പൊതു ക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവ ഒഴിവാക്കി ഡല്‍ഹിയിലെ സേവനങ്ങളുടെ നിയന്ത്രണം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സുപ്രീം കോടതി കൈമാറി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെത്തുടര്‍ന്ന് അരവിന്ദ് കെജ്രിവാള് രാജ്യവ്യാപകമായി പര്യടനം നടത്തി. ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ പിന്തുണ നേടുന്നതിനായി ബിജെപി ഇതര കക്ഷികളുമായി അദ്ദേഹം കൂടിക്കാഴ്ചകളും നടത്തി. ഓര്‍ഡിനന്‍സ് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്ന നിലപാടിലാണ് അരവിന്ദ് കെജ്രിവാള്
![]()
