ന്യൂഡൽഹി : തെക്കൻ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 ലേറെ പേര് കൊല്ലപ്പെട്ടതായി വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശിയും ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.
ട്രക്കിംഗിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാള്‍ വളരെ വലുതാണ് പഹല്‍ഗാമിലുണ്ടായതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു .പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി.
![]()
