റിയാദ് : വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ ഏപ്രിൽ 25 വെള്ളിയാഴ്ച – ദറാത്സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ പത്ര സമേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ‘ജ്വാല അവാർഡ് 2025’ റിയാദിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പദത്തിൽ എത്തിയ ആദ്യ വനിതയായ മീര റഹ്മാന് നൽകി ആദരിക്കും.ആലുവ സ്വദേശിയായ മീര റഹ്മാൻ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ മലയാളികൂടിയാണ്.
അധ്യാപിക, സൂപ്പർവൈസർ, ഹെഡ്മിസ്ട്രസ്, കൺട്രോളർ ഓഫ് എക്സാമിനേഷൻ, സി.ബി.എസ്.ഇ സെൻട്രൽ ബോർഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ 35 വർഷത്തെ അനുഭവ സമ്പത്തുമായാണ് അവർ റിയാദിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ അമരത്തെത്തുന്നത്.
മുൻ വർഷങ്ങളിൽ കല,സാഹിത്യ, കായിക വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്.
അവാർഡ് ദാനത്തോടൊപ്പം കുടുംബവേദിയിലെ വനിതകളും, കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, റിയാദിലെ വിവിധ ഡാൻസ് സ്കൂളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ അവതരിപ്പിക്കപ്പെടുന്ന കലാപരിപാടികൾ, റിയാദിലെ അറിയപ്പെടുന്ന ഗായകർ നയിക്കുന്ന ഗാനമേള, ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിക്കുന്ന വാദ്യമേളം എന്നിവ ജ്വാലയിൽ അവതരിപ്പിക്കപ്പെടും. ചലച്ചിത്ര ടെലിവിഷൻ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ മുഖ്യാതിഥിയായി എത്തുന്നു എന്ന പ്രത്യേകത കൂടി ഇപ്രാവശ്യത്തെ ജ്വാലയ്ക്കുണ്ട്. റിയാദിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാൾ സംവിധാനം, തികച്ചും സൗജന്യമായി ജ്വാലയിൽ ഒരുക്കി കൊടുക്കുന്നുണ്ട്.
വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനം ദമാം നവോദയ കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര വനിതാ വേദി കൺവീനറുമായ ഡോ: രശ്മി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. വനിതകൾക്കായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെ രണ്ടു മണി മുതൽ പരിപാടി ആരംഭിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ചെയർപേഴ്സൺ വിഎസ് സജീന, കൺവീനർ വിജില ബിജു, സാമ്പത്തികം ഷഹീബ, മൈലാഞ്ചി ഇടൽ മത്സരം കോ-ഓഡിനേറ്റർമാർ ശ്രീഷ സുകേഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്ത സാമേളനത്തിൽ സെക്രട്ടറി സീബാ കൂവോട് ,പ്രസിഡണ്ട് പ്രിയാ വിനോദ് ,ട്രഷറർ ശ്രീഷാ സുകേഷ്,കൺവീനർവിജുലാ ബിജു,ചെയർ പേഴ്സൺ സജീന വി എസ് ,പ്രോഗ്രാം കമ്മറ്റി അംഗം ഗീത ജയരാജ് ,രക്ഷാധികാരി കെ പി എം സാദിഖ് എന്നിവർ പങ്കെടുത്തു.
![]()
