സാജിദ് ആറാട്ടുപുഴ
ദമ്മാം: മാസങ്ങൾക്ക് മുമ്പ് മാത്രം മാർപ്പാപ്പയുടെ അനുഗ്രഹവും, സ്നേഹവും ഏറെ നേരം അനുഭവിക്കാൻ സാധിച്ച ഓർമ്മകളുടെ നിറവിലാണ് സൗദിയിലെ പ്രമുഖ വ്യവസായിയും, പ്രവാസ ഭാരതീയ സമ്മാൻ ജേതാവും, ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ: സിദ്ധീഖ് അഹമ്മദ്. മാർപ്പാപ്പ കാലം ചെയ്ത വാർത്ത ലോകത്തിന് തന്നെ തീരാനഷ്ടമാകുേമ്പാഴും, സ്വകാര്യമായ ദുഖമായി ഈ വേർപാട് സിദ്ധീഖിൽ നിറയുകയാണ്. ലോകത്തിലെ സമാധാനത്തിന് വേണ്ടി വാദിച്ച ഈ ആത്മിയ പ്രതിഭയെ കാണാൻ അപ്രതീക്ഷിതമായാണ് സിദ്ധീഖിന് അവസരം ലഭ്യമായത്. തെൻറ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നായാണ് താൻ ഇതിനെ ഹൃദയത്തിൽ ചേർത്തുവെക്കുന്നതെന്ന് ഡോ: സിദ്ധീഖ് അഹമ്മദ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ശിവഗിരി മഠത്തിെൻറ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവ്വ മത സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഡോ: സിദ്ധീഖ് അഹമ്മദ് എത്തിയത്. ശ്രീനാരായണ ഗുരുവിെൻറ നേതൃത്വത്തിൽ നടത്തിയ സർവ്വ മത സമ്മേളനത്തിെൻറ നൂറാം വാർഷികം ആഘോഷിക്കാൻ ഇന്ത്യയുൽപടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ മതപാരമ്പര്യമുള്ളവർ ഒന്നിച്ചു ചേരുകയായിരുന്നു അവിടെ. നല്ല മാനവികതക്ക് മതങ്ങൾ ഒന്നിച്ച് എന്നായിരുന്നു സമ്മേളനത്തിെൻറ ആപ്ത വാക്യം.
ഈ സമ്മേളനത്തിൽ ആശിർവാദ പ്രഭാഷണം നടത്താൻ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിക്കാൻ ഡോ: സിദ്ധീഖിന് അവസരം ലഭിക്കുകയായിരുന്നു.അദ്ദേഹത്തിെൻറ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്ദേശം എന്നാണ് എനിക്ക് തോന്നിയത്. എനിക്കും കുടുംബത്തിനും അദ്ദേഹം തന്ന സ്വീരണവും വിലപ്പെട്ട സമയവും ഞാൻ ആദരവോടെ ഓർക്കുന്നുണ്ട്. അദ്ദേഹത്തെ അന്ന് ഞാൻ ഷാൾ അണിയിച്ചു. പുസ്തകങ്ങൾ സമ്മനമായി നൽകി. അതെല്ലാം അദ്ദേഹം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചു. ഞങ്ങൾ ആ സന്നിധിയിൽ ചെലവഴിച്ച സമയങ്ങളുടെ ഉന്മേഷം ഇന്നും ഞങ്ങളിൽ നിലനിൽക്കുന്നു. അന്ന് അദ്ദേഹം പറഞ്ഞതെല്ലാം സ്നേഹത്തെക്കുറിച്ചായിരുന്നു. സമാധാനത്തെക്കുറിച്ചായിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു. ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാൻ മതം പോലും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആത്മീയ നേതാവായിരിക്കുേമ്പാഴും അങ്ങനെ പറയാൻ കാണിച്ച വിശാലത എന്നെ അൽഭുതപ്പെടുത്തി. ഇത് ലോകം ഏറ്റെടുത്തിരുന്നെങ്കിൽ എന്ന് അറിയാതെആഗ്രഹിച്ചുപോയി ഡോ: സിദ്ധീഖ് പറഞ്ഞു. ശിവഗിരി സംഘടിപ്പിച്ച ഈ ചടങ്ങിൽ അദ്ദേഹം ശ്രീനാരായണ ഗുരുവിെൻറ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. തീർച്ചയായും അദ്ദേഹം ലോക ജനതക്ക് തണലും, ആശ്വാസവുമായിരുന്നു. അതാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിെൻറ ഓർമ്മകളെ നമ്മൾ നിലനിർത്തേണ്ടത് അദ്ദേഹം ഉയർത്തിയ സമാധാനത്തിെൻറ ആശയങ്ങളിലുടെയാവണം ഡോ: സിദ്ധീഖ് പറഞ്ഞുനിർത്തി.
![]()
