ദമ്മാം: മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന്റെ പേര് പറഞ്ഞുകൊണ്ട് അവരെ അരികുവൽക്കരിക്കാൻ കേന്ദ്രസർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബില്ല് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് വിരുദ്ധവും മുസ്ലിം സമുദായത്തിന്റെ ഉന്നമനം തടയാൻ വേണ്ടിയുള്ളതുമാണെന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യ ദമ്മാമിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈൻ വഴി മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പല വിഷയങ്ങളിലും ഉത്തരം മുട്ടി നിൽക്കുന്ന സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാൻ പാസാക്കിയ ബിൽ സമൂഹം തിരിച്ചറിയണം. വഖഫ് ബിൽ ഭേദഗതി വഴി മുസ്ലിം അവകാശങ്ങളുടെ മേൽ നടത്തുന്ന കയ്യേറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തിന്റെ ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുന്നതുമാണ്. മുസ്ലിങ്ങൾക്കെതിരെ പൊതുസമീപനം രൂപപ്പെടുത്തി വംശഹത്യാ സാഹചര്യം സൃഷ്ടിക്കാനും സർക്കാർ ശ്രമിക്കുകയാണ്. വഖഫ് സ്വത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം പോലും മുസ്ലിം സമുദായത്തിന് ഉണ്ടാവരുതെന്ന് കണക്കു കൂട്ടിയാണ് മുസ്ലിം അല്ലാത്തവരെ വഖഫ് ബോർഡിൽ ഉൾപെടുത്തടുത്തണമെന്ന ദുരുപദിഷ്ടമായ വാശി സർക്കാർ നടപ്പാക്കിയത്. എന്നാൽ ദേവസ്വം ബോർഡിലും ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ ബോർഡുകളിലും ഇത്തരം നിയമങ്ങൾ ബാധകമാക്കാത്തത് മുസ്ലിം സമുദായത്തിനോടുള്ള സ്നേഹമല്ല, വംശഹത്യാപരമായ സമീപനമാണ് കാണിക്കുന്നത്.
ഇൻഡ്യാ മുന്നണി പാർലമെന്റിന്റെ ഇരു സഭകളിലും എടുത്ത തീരുമാനം അഭിനന്ദനാർഹമാണെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി. പ്രൊവിൻസ് കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഷക്കീർ ബിലാവിനകത്ത് സ്വാഗതവും കെ.എം. സാബിഖ് നന്ദിയും പറഞ്ഞു
![]()
