അത്തറിന്റെ മണമുള്ള നിലാവ്- കഥ – ശിവൻ മേതല
റംസാൻ പിറയുടെ പേറ്റുനോവിൽ വിങ്ങിക്കരയാൻ വെമ്പുന്ന മുഖം ഭൂമിക്ക്. ഇടറോഡിൽ ചെക്കിങ്ങിനു നിൽക്കുമ്പോൾ വണ്ടികൾ വരുന്നതുപോലെയാണ് ആകാശത്തിന്റെ കരച്ചിൽ; ഇടക്കിടക്ക്, സംശയിച്ച് സംശയിച്ച്. കണ്ണീർ വീണ് ധരിത്രി കുതിർന്നെങ്കിലും യൂണിഫോമിനകത്ത് പുഴുക്കമാണ്. മഴയത്ത് രജീസ്ട്രേഷൻ വണ്ടികൾ നോക്കുമ്പോൾ നനഞ്ഞ സോക്സിന്റെ ഈർഷ്യ ഷൂവിനകത്ത്. മനസ്സിന്റെ മൂടിക്കെട്ടൽ എന്നടങ്ങും എന്ന വേവിലായിരുന്നു അകം.
അവസാനത്തെ പത്തു നോമ്പിന്റെ വരള്‍ച്ചയും ക്ഷീണവും. വണ്ടികൾ വാങ്ങുന്നവരുടെ എണ്ണം പെരുന്നാൾ പ്രമാണിച്ച് കൂടുതലാണ്. നാലുപേരുള്ളതിൽ രണ്ട് എ. എം. വി. ഐ മാർ ലീവിലും. രജിസ്ട്രേഷൻ ജോലി കഴിഞ്ഞ് ആക്സിഡന്റ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയും തനിച്ച് ചെയ്യണം . വാഴക്കുളം സ്റ്റേഷനില്‍ ഒരു തമിഴ്നാട് വണ്ടിയും കെ.എസ്.ആര്.ടി.സി. ടിപ്പോയില്‍ ഒരു ഫാസ്റ്റ് പാസഞ്ചറും നോക്കാനുണ്ട്. ഒരു കെട്ട് ഫോം 20 യും മാറോടുചേർത്ത് ഓഫീസിലേക്ക് കയറുമ്പോൾ ഓർത്തു. സമയം പാഴാക്കാതെ ജോലി തുടങ്ങണം.
”സാറിന്റെ പേര് അബ്ദുൾ കരീം എന്നല്ലേ, പുത്തന്‍കുരിശ് സ്റ്റേഷനില്‍ എന്റെ വണ്ടി അപകടം പറ്റി കിടക്കുകയാണ്, സാറാണ് ടെസ്റ്റ് ചെയ്യാന്‍ വരേണ്ടതെന്ന് ഓഫീസില്‍ നിന്നും അറിഞ്ഞു, തിരക്കു കഴിഞ്ഞിട്ട് പറയാമെന്നോര്‍ത്ത്…”
കമ്പ്യൂട്ടർ സ്ക്രീനിൽ കാറുകളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ഇടയിൽ തിക്കിത്തിരക്കുമ്പോഴാണ് അടുത്തെത്തി ഒറ്റശ്വാസത്തില്‍ ചെറുപ്പക്കാരൻ പറയുന്നത്.
”പോകാന്‍ വണ്ടി കൊണ്ടുവന്നിട്ടുണ്ട്… എന്താന്നുവച്ചാൽ ചെയ്യാം” കുനിഞ്ഞ് ചെവിയില്‍ മന്ത്രിച്ചു.
ഉദ്യോഗസ്ഥരുടെ മാനസീകാവസ്ഥയോ തിരക്കോ ആവശ്യക്കാരന് അറിയേണ്ട കാര്യമില്ലല്ലോ. എന്തിനും ഏതിനും പരാതിയുടെ കാലം. കണ്ണുകള്‍ ഇളക്കിയെടുത്ത് നേരെ നോക്കിയത് മുഷിപ്പ് മറച്ചാണ്. വരണ്ട ചുണ്ടുകള്‍ വലിച്ച് പുഞ്ചിരിച്ചെന്നു വരുത്തി.
ആക്സിഡന്റ് കേസുകളില്‍ വരുന്നവര്‍ കാണിക്കുന്ന ഭവ്യതയും ബഹുമാനവും. സംസാരത്തില്‍ പുതുമ ഒന്നുമില്ലെങ്കിലും അവനെ തളര്‍ച്ച ബാധിച്ചിരുന്നതുപോലെ തോന്നി. നോമ്പ് നോല്ക്കുന്നതിന്റെയായിരിക്കും.
”ഞാന്‍ പുതിയ വണ്ടികള്‍ക്ക് നമ്പര്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞ് രണ്ട് ആക്സിഡന്റുകള് വേറെ നോക്കാനുണ്ട്. ”
കണ്ണുകളെ സ്ക്രീനിലേക്ക് തിരിച്ചാക്കി അവനോട് മയത്തിൽ പറഞ്ഞു. മുഖത്തേക്ക് ഗൗരവം എന്ന സ്ഥായിഭാവം തിരിച്ചുവന്നത് അവൻ ശ്രദ്ധിച്ചുകാണും.
”സാറെ നാളേം മറ്റന്നാളും പെരുന്നാളിന്റെ അവധിയാണ്.” അവന്റെ വളവ് വലുതായി, തലയില്‍ പേനരിച്ചു.
ഭിത്തിയില്‍ ചാരി ഓട്ടോ കൺസൾട്ടന്റ് ഖാദറിന്റേയും നവാസിന്റേയും അരികിലായി നില്‍ക്കുമ്പോഴാണ് കുറച്ച് മുൻപ് ആദ്യമായി അവനെ കാണുന്നത്. എന്നെത്തന്നെ നോക്കി വരാന്തയിൽ നിൽക്കുകയായിരുന്നു അവൻ. ആറടിയോളം ഉയരമുള്ള ക്ഷീണിതനായ ഒരു ചെറുപ്പക്കാരന്. ഞങ്ങടെ അതിലെ മീനും കൊണ്ടുവരുന്ന ഹംസയുടെ മുഖഛായ ആയിരുന്നു അവന്. വെള്ളയും മഞ്ഞയും വരകള്‍ വട്ടത്തിലുള്ള വില കുറഞ്ഞ ചുവന്ന ബനിയനാണ് വെളുത്തു കൊലുന്നനെയുള്ള അവൻ ധരിച്ചിരുന്നത്. അഞ്ചാറു ദിവസം പഴകിയ രോമങ്ങള്‍ മുഖത്ത് അങ്ങിങ്ങ് എഴുന്നു നിന്നിരുന്നു.
ടൗണില്‍ സിഗ്നൽ ജംങ്ഷനിലേക്ക് മലയിടിഞ്ഞു വീണ് റോഡരുകിലെ കടകളും മരങ്ങളും നശിച്ചതും സ്കൂള്‍ വാനിന്റെ മുകളില്‍ തണല്‍ മരം വീണ് അഞ്ചുകുട്ടികള്‍ മരിച്ചതും കഴിഞ്ഞ ദിവസമാണ്.
കറുത്ത റോഡില്‍ അല്‍പ്പം മുമ്പു പെയ്ത മഴയുടെ ബാക്കി വന്ന ചാലുകളില്‍ മഞ്ഞ നിറത്തില്‍ ഒഴുകി നീങ്ങുന്ന മണ്ണ്. അതിലൂടെ നിരങ്ങി നീങ്ങി റോഡില്‍ തടസ്സമായി കിടക്കുന്ന ചെറിയ കല്ലുകള്‍. വാഹനങ്ങളുടെ യാത്ര ദുഃസ്സഹമാക്കി റോഡിലേക്ക് വീണുകിടക്കുന്ന കെട്ടിടങ്ങളുടേയും മരങ്ങളുടേയും അവശിഷ്ടങ്ങളും ലാവപോലെ ഒഴുകിയിറങ്ങുന്ന ചെളിയും… ഊര്‍ന്നിറങ്ങിയ മണ്ണും കല്ലും ചില്ലകളും കോരിയൊതുക്കുന്ന ജെ.സി.ബി…
രണ്ട് ആക്സിഡന്റ് വണ്ടികളും നോക്കിക്കഴിഞ്ഞ് അവനെ കാത്ത് നിൽക്കുമ്പോൾ മഴ ഉണ്ടായിരുന്നില്ല. സിഗ്നൽ കവലയിൽനിന്ന് എന്നെ പിക്ക് ചെയ്യാമെന്ന് അവൻ പറഞ്ഞതാണ്. മാർഗ്ഗം തടസ്സപ്പെട്ട വണ്ടികൾ പിറകിലേക്ക് നിരയായി കിടക്കുന്നു. ഒരു കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തിയിരിക്കുന്നതിനു പിന്നില്‍ കുറേ കാറുകള്‍ കിടക്കുന്നുണ്ട്. അതില്‍ ഒന്നില്‍ അവനായിരിക്കും.
”വണ്ടിയിലിരുന്ന് ഞാനല്‍പ്പം മയങ്ങിപ്പോയി… ഉറങ്ങിയിട്ട് അഞ്ചാറു ദിവസമായി. സാറ് ബെല്ലടിച്ചപ്പോഴാ കണ്ണു തുറന്നത്.”
അരികിലായി കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു തരുന്നതിനിടയില്‍ കുറ്റബോധ ത്തോടെ അവന് പറഞ്ഞു.
കാറിനകത്തെ ചൂട് യൂണിഫോമിലെ ഏനക്കേട് ഒന്നുകൂടി വർദ്ധിപ്പിച്ചു.
”ഏസിയില്ലെ?”
ചോദിച്ചത് പരുക്കൻ ശബ്ദത്തിൽ ആയിപ്പോയി.
മറുപടി പറയാതെ അവൻ.
സമയം അഞ്ചിനോടടുക്കുന്നു. ഇടയ്ക്കൊന്ന് ചിരിച്ച ഭൂമിയുടെ പ്രസന്നഭാവം മാഞ്ഞു. കാര്‍മേഘങ്ങള്‍ മൂടി ഇരുളിമ പടര്‍ന്നു. റോഡില്‍ കാഴ്ചയും വ്യക്തതയും കുറവ്. നല്ല സ്പീഡിലാണ് അവൻ വണ്ടി ഓടിക്കുന്നത്. കണ്പോളകളില് ഉറക്കം കനത്തുനില്ക്കുന്നുണ്ടാകും. എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കണം.
”നിന്റെ പേരെന്താ, നിനക്ക് ആരൊക്കെയുണ്ട്… വാപ്പേം ഉമ്മേം?”
”ഞാന്‍ ഹിന്ദു ആണ് സാറെ. മനോജ്. അച്ഛന് ദിവാകരന് നായര്‍. അമ്മ കാര്‍ത്യായനി… ഒരനുജനുണ്ടായിരുന്നു…”
നഷ്ടബോധം തൂക്കിയിട്ട മുഖം എന്റെ നേരെ തിരിച്ച് അവന് പറഞ്ഞു.
അല്‍പ്പം ഇടവേളക്ക് ശേഷം ക്ലച്ച് ചവിട്ടി ഗിയര്‍ മാറുന്നതിനിടയില്‍ തല തിരിച്ച് വീണ്ടും അവന് പറഞ്ഞു.
”സാറ് ഇന്നുതന്നെ വരൂന്ന് ഞാന്‍ വിചാരിച്ചില്ല.”
ഡ്രൈവ് ചെയ്യുമ്പോൾ എന്തിനാണ് ഇടക്കിടെ തല തിരിച്ചു നോക്കുന്നത്. ആദരവ് പ്രകടിപ്പിക്കുന്നതായിരിക്കും. നൂറ് വേശ്യകൾക്ക് സമാനമാണ് ഒരു ഡ്രൈവർ എന്ന ചൊല്ലാണ് ഓർമ്മ വന്നത്. കാര്യസാധ്യത്തിന് എന്ത് ഗോഷ്ടിയും കാണിക്കും.
വെഹിക്കിൽ ഇൻസ്പെക്ടറായി ജോലിക്ക് കയറിയിട്ട് അധികമായിരുന്നില്ല. പ്രായം നാല്പത്തെട്ട്. എ.എം.വി.ഐ എന്നാല്‍ എന്തോ വലിയ സംഭവമാണ് എന്ന മനസ്.
”പോലീസ് സ്റ്റേഷനില്‍ നിന്നു തന്ന റിക്വസ്റ്റ് കൈയ്യിലുണ്ടല്ലോ അല്ലേ?” റോഡില്‍ തന്നെ ദൃഷ്ടിയൂന്നി ഗൗരവം വിടാതെ ഞാൻ.
”ഉണ്ട് സാര്‍”
”വണ്ടിയുടെ പേപ്പറുകള്‍ എല്ലാം ഒറിജിനല്‍ ഉണ്ടല്ലോ? ഓരോ കോപ്പി എടുത്തു തരണം… അവിടെ ചെന്നിട്ടുമതി.”
”ലൈസന്‍സിന്റെ കോപ്പി വേണോ സാറെ?”
”വേണം… അത് ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ വേണ്ടീട്ടാണ്. കണ്ടോ, നിങ്ങള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത് IPC 338 വകുപ്പാണ്. ”
പോലീസ് റിക്വസ്റ്റിൽ 338നു വട്ടം വരച്ച് പറഞ്ഞു.
”വീട്ടില്‍ അഞ്ചാറ് വണ്ടികളുണ്ട്. ഇപ്പോ അതുകൊണ്ടാണ് കഴിയുന്നത്. ഇടയ്ക്ക് ഡ്രൈവറില്ലാതെ വരുമ്പോള്‍ ഓടിക്കേണ്ടി വരും. റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാര്‍സല്‍ ഓട്ടം പോകാന്‍ ഡ്രൈവര്‍മാര്‍ക്ക് മടിയാ. എപ്പോഴാ ട്രെയിന്‍ വരിക എന്നു പറയാന്‍ പറ്റില്ലല്ലോ. സ്റ്റേഷനില്‍ പോയി വരുമ്പോഴാണ് അപകടം. ഞാനാ വണ്ടി ഓടിച്ചിരുന്നത്. രാത്രി ഒന്നരക്ക്.”
ദയവായി ലൈസന്‍സ് സസ്പെന്ഷന് ഒഴിവാക്കണം എന്ന മുഖവുമായി അവന് വീണ്ടും തല തിരിച്ചു നോക്കി.
”മനോജെ, മഴയാണ്. ചവീട്ട്യാ കിട്ടീന്നു വരില്ല. നേരെ നോക്കി സ്പീഡ് കുറച്ച് പോയാല്‍ മതി.”
ഞാനാകുന്ന മരം ഇളകാതെ കൈകള്‍ പിണച്ച് മുന്നോട്ടു നോക്കി നിവര്‍ന്നിരുന്നു.
”… ഒരു ജംഗ്ഷനില്‍ വച്ചാ… ഞാന്‍ മെയിന്‍ റോഡില്‍ നേരെ. ബൈക്കുകാരന് ചെറിയ റോഡ് ക്രോസ്സ് ചെയ്തതായിരിക്കണം. ഇടിച്ച ഒച്ച കേട്ടാണ് അറിഞ്ഞത്. തെറിച്ചുവീണ അവന്റെ മുഖത്തുനിന്നും രക്തം ഒഴുകി. എന്തുചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. രണ്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ ചെന്ന് അച്ഛനോട് വിവരം പറഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും വീണ ആള് അവിടെ ഉണ്ടായിരുന്നില്ല… ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന പരാതിയുണ്ട്. … പിറകിലുണ്ടായിരുന്ന ബൈക്കുകാരാണ് ആശുപത്രിയില്‍ എത്തിച്ചതത്രെ… രാത്രി തന്നെ ഞാന്‍ വണ്ടി സ്റ്റേഷനില്‍ കൊണ്ടിട്ടു.”
തന്റെ ചെയ്തികളെ ന്യായീകരിക്കുകയാണ് അവന്. പാതിരാത്രി കഴിഞ്ഞ സമയത്ത് റോഡില്‍ വേറെ വണ്ടി പ്രതീക്ഷിച്ചുകാണില്ല. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പിടിക്കപ്പെടും എന്നറിയാവുന്നതുകൊണ്ടായിരിക്കണം വണ്ടി സ്റ്റേഷനില്‍ കൊണ്ടിട്ടത്.
തന്റെ മൂത്ത മകന്റേതുപോലെ ഇഴഞ്ഞിഴഞ്ഞാണ് മനോജിന്റേയും സംസാരം. ഒരു നിമിഷം മനസ്സ് പുനരധിവാസകേന്ദ്രത്തിലെത്തി. പഠിക്കാൻ കൂടുതൽ പ്രഷർ ഇട്ടതുകൊണ്ടാണത്രെ അവൻ ഡിപ്രഷനിലേക്ക് പോയത്. മനസ്സിൽ പശ്ചാത്താപം നിറഞ്ഞു. ജാഗ്രതയോടെ വണ്ടി ഓടിക്കുകയാണ് ഡ്രൈവർ.
മഴ പെയ്തു തുടങ്ങി. റോഡരികിലെ കപ്പത്തോട്ടത്തില്‍ ചിറകുവിടര്‍ത്തി തപസ്സിരുന്ന ഉപ്പന്‍ തൂക്കിയിട്ട വാലുമായി കുറ്റിച്ചെടികള്‍ക്കിടയിലേക്ക് കയറി. ടര്‍ബോ ചാര്‍ജ്ജര്‍ ഫിറ്റ് ചെയ്ത എഞ്ചിന്റെ മൂളലും മഴയുടെ സംഗീതവും താളാത്മകമായി ഇടകലര്‍ന്ന് കാതുകള്‍ക്കിമ്പമായി. വളവിനപ്പുറത്ത് കൈത്തോടിനു കുറുകെയുള്ള ഉയര്‍ന്ന പാലവും, ഇഷ്ടികക്കളങ്ങളും പിന്നിലേക്ക് മറഞ്ഞു. പ്രളയത്തിന്റെ രാത്രിയാണ് മുന്നില്‍ എന്നു തോന്നും വിധം മഴ മുറുകി. വണ്ടിക്കുമുകളിൽ പെരുക്കുന്ന വെള്ളം ചുറ്റും ഒഴുകിയിറങ്ങുകയും റോഡില്‍ വണ്ടികള്‍ കാണാതാവുകയും ചെയ്തപ്പോള്‍ കടലില്‍ ഒറ്റപ്പെട്ട വഞ്ചിയിലിരുന്ന അനുഭവമായിരുന്നു. വിന്‍ഡ് സ്ക്രീന്‍ ഗ്ലാസ്സിലൂടെ പരന്നൊഴുകിയ വെള്ളം വൈപ്പര്ബ്ലേഡുകള് തള്ളിയകറ്റിയത് വളരെ ആയാസപ്പെട്ടാണ്.
”ഇയ്യാള് വെള്ളം അടിക്ക്വോ?”
”ഇല്ല സാറെ, ഇപ്പൊ വെള്ളം അടിക്കാറില്ല”
പെട്ടെന്നായിരുന്നു മറുപടി.
”…കല്യാണത്തിന് മുമ്പ് വല്ലപ്പൊഴും ഒരെണ്ണം അടിക്കും. ആറു മാസമായി കല്യാണം കഴിഞ്ഞിട്ട്. ഭാര്യ ഗര്‍ഭിണിയാണ്… ഇപ്പോ അടിക്കാറില്ല.”
പുഞ്ചിരിയും നാണവും കലര്‍ത്തി ഒന്നുകൂടി ആവര്‍ത്തിച്ചപ്പോള്‍ മനോജിന്റെ കണ്ണുകള്‍ എന്റെ മുഖത്ത് ഉടക്കി നിന്നു.
മുടി പകുതിയിലധികം നരച്ച, കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുമുള്ള, ഇരുണ്ട നിറവും ഇരുണ്ട മനസ്സ് പ്രതിഫലിക്കുന്നതുമായ തന്റെ മുഖത്തേക്ക് ഇത്ര ഭവ്യതയോടെ എന്തിനാണ് ഇടയ്ക്കിടെ നോക്കുന്നത്. ലൈസന്‍സ് സസ്പെന്റ് ചെയ്യാതിരിക്കാനാ യിരിക്കും. ഒന്ന് പേടിപ്പിക്കുന്നതൊക്കെ ഞങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഒരു ടെക്നിക് അല്ലേ മനോജേ. മനസ്സില്‍ കരുതി. ഓ വണ്ടിക്കാര് ഇങ്ങനെയൊക്കെ ആയിരിക്കും. ഊറിക്കൂടിയ ശേഷിപ്പിനെ നിസ്സാരവല്‍ക്കരിച്ചു തള്ളി.
”സാറിന് വീട്ടില്‍ ആരൊക്കെയുണ്ട്?”
”അമ്മേണ്ട്, വൈഫുണ്ട്”
”മക്കള്‍?”
”രണ്ടാണ്മക്കള്, പുറത്ത് പഠിക്ക്യാണ്. ഒരാള്‍ ഡല്‍ഹിയിലും ഒരാള്‍ കോഴിക്കോട്ടും.” മറുപടി ആവുന്നത്ര ചുരുക്കി.
”രണ്ടുപേരും എഞ്ചിനീയറിംഗാണോ?”
”ഉം”
അവന്റെ ജിജ്ഞാസയ്ക്ക് മുന്നിൽ അഭിമാനം ബലികൊടുക്കേണ്ടിവരുമോ എന്ന് ഒരു നിമിഷം സംശയിച്ചു
”ഡല്‍ഹിയില്‍…? ”
എന്തോ ചോദിക്കാനൊരുങ്ങി ആകാക്ഷ നിറഞ്ഞ മുഖവുമായി അവന് നേരെ തിരിഞ്ഞതാണ്. മറ്റെന്തോ ഓർത്തിട്ടെന്നപോലെ പെട്ടെന്ന് തല നേരെയാക്കി ഡ്രൈവിംഗില്‍ തന്നെ ശ്രദ്ധ പതിപ്പിച്ചു.
”ഡല്‍ഹിയില്‍ പഠിക്കുന്നവന് ഐ.ഐ. റ്റി യി ലാണ്.”
അഭിമാനകരമായത് പറഞ്ഞു. അപമാനമുണ്ടാക്കുന്നത് മനസ്സിൽ ഒളിപ്പിച്ചു. ഇന്ത്യയിലെ മികച്ച കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഏതാണ്ട് ഒന്നാം സ്ഥാനത്താണ് ഐ ഐ റ്റി ഡല്‍ഹി. ഐ.ഐ.റ്റി.യില്‍ മകന് പഠിക്കുന്നത് അച്ഛന് അഭിമാനം തന്നെയാണ്. തണുപ്പിക്കാത്ത ബിയര്‍കുപ്പി തുറന്നതുപോലെ അത് എന്റെ ഉള്ളില്‍ പതഞ്ഞു, തള്ളി പുറത്തേക്കൊഴുകി.
”…അവന് എന്നേക്കാള്‍ വെളുത്തിട്ടാണ്. അന്ന് എണ്ണായിരത്തില്‍ ചില്ല്വാനം റാങ്കായിരുന്നു… അവിടെ എല്ലാം നന്നായിട്ട് പഠിക്കണ കുട്ടികളല്ലേ. അവന് കുറച്ച് ബുദ്ധിമുട്ടാണ്… ആഹാരോം വീട്ടീല് കഴിക്കണപോലെ പറ്റില്ലല്ലോ. ഇപ്പോ നല്ല ക്ഷീണമാണ്” മകന്റെ കുഴിഞ്ഞ കണ്ണുകളും ഒട്ടി നീണ്ട മുഖവുമായിരുന്നു മനസ്സില്‍.
റിഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ടുപോകുന്നതിന് മുൻപ് എന്തായിരുന്നു അവന്റെ രൂപം. മുടിയും താടിയും നീണ്ടു വളർന്ന് തിരിച്ചറിയാനാകാത്തത് പോലെ. ഇനിയും മൂന്നു മാസം കൂടി എടുക്കും ശരിയാകാൻ എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും അവൻ. മറ്റുള്ളവരോടൊപ്പം നടക്കാൻ കൊണ്ടുപോകുന്ന സമയമാണ്.
മനസ്സിന്റെ വിഷമത്തിൽ അഭിമാനം പൊതിഞ്ഞ് പിന്നേയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. മകന് പഠിച്ച രീതി. മകന്റെ ഭാവിയിലെ ഓരോ മണിക്കൂറും പ്ലാന്‍ ചെയ്യുന്ന അച്ഛനെ; പരീക്ഷാഹാളില്‍ തിരക്കിട്ട് ഉത്തരമെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉത്തരമറിയാതെ വെറുതെയിരുന്ന് വിയര്‍ത്തതായി സ്വപ്നം കണ്ടുണരുന്ന മകനെ കാണിച്ചുകൊടുത്തു.
തിരിച്ചുവെയ്ക്കാനാകത്ത ഘടികാരത്തിന്റെ നിശിതമായ നിശ്ചയദാർഢ്യത്തോട് മത്സരിച്ച് തോറ്റ ഒരച്ഛന്റെ വേദന കരുതലോടെ മറച്ചുപിടിച്ചു. വര്‍ഷങ്ങളായി കരളുറങ്ങാത്ത അമ്മയയേയും.
”ഇയ്യാള് ഐ ഐ റ്റി യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഐ റ്റി ഐ അല്ല. ഐ ഐ റ്റി?”
നാട്ടിൽ സാധാരണ ഒരു ഡ്രൈവറായ ഇവൻ ഐ ഐ റ്റി യേക്കുറിച്ച് എന്തറിയാൻ. തോറ്റിട്ടും ഇനിയും നെഗളിപ്പ് അടങ്ങാത്ത മനസ്സ് പറഞ്ഞു.
ആ ചോദ്യം അവന്റെ ശ്രദ്ധ തെറ്റിച്ചതായി തോന്നി. കളിയാക്കിയതാണെന്ന് അവനു തോന്നിയോ. മുന്നില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയ വണ്ടിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നതായി ഭാവിച്ച് എന്നെ അവഗണിച്ചു അവൻ.
ചോദിച്ചത് ശരിയായില്ലെന്ന് തോന്നി. പണ്ടത്തെ കാലമല്ലല്ലോ. ഐ ഐ ടി യെക്കുറിച്ച് നല്ലതും ചീത്തയുമായ വാർത്തകൾ പത്രത്തിലും ടി വി യിലുമൊക്കെ വരാറുണ്ടല്ലോ. ഐ ടി ഐ അല്ല ഐ ഐ ടി എന്ന് എന്തായാലും അവനോട് പറഞ്ഞത് ഒരു കൊച്ചാക്കൽ തന്നെയാണ്. ഒരു പക്ഷേ അവൻ കേട്ടിട്ടുണ്ടാവണമെന്നുമില്ല. മകന് പത്താം ക്ലാസ്സ് കഴിയുംവരെ തനിക്കും ഐ.ഐ.റ്റി.യും ഐ.റ്റി.ഐയും വ്യത്യസ്തമല്ലായിരുന്നു. ആശ്വസിക്കാൻ ശ്രമിച്ചു.
ഇടയ്ക്ക് ചെറിയ കയറ്റമുള്ള വളവില്‍ ജലകണങ്ങള്ക്കിടയിലൂടെ സൂര്യന് മുഖം ചുവപ്പിച്ചു കാണിച്ചപ്പോഴാണ് അവന് മെല്ലെ തുടങ്ങിയത്.
”ഞങ്ങടെ രണ്ട് വണ്ടിയ്ക്ക് ടാക്സ് തീര്‍ന്ന് കെടക്വാ. കഴിഞ്ഞ പത്താം മാസം വരെ ടെസ്റ്റ് ഉണ്ടായിരുന്നു. ഇനി ഇപ്പോ എന്താണ് ചെയ്യേണ്ടത്?… ഇപ്പോള്‍ പെന്ഡിംഗുള്ള ടാക്സ് അടച്ചു തീര്‍ത്തിട്ട് ഓടിക്കണില്ല എന്ന് എഴുതിക്കൊടുത്താലോ. അല്ലെങ്കില്‍ പൊളിക്കാന്‍ കൊടുത്താലോ. ”
അവന്റെ ശബ്ദം വേദനയില്‍ പൊതിഞ്ഞപോലെ തോന്നി.
അവൻ എന്തൊക്കെയോ ഒളിക്കുന്നുണ്ട്. മാതാപിതാക്കളുടെ കാശ് ധൂർത്തടിച്ച് സ്വപ്നലോകത്ത് ജീവിച്ച് പഠിത്തം മുടക്കി പെട്ടെന്ന് കോടീശ്വരനാകാൻ ബിസിനസിലേക്കിറങ്ങി ഉള്ളതും നശിപ്പിച്ച ഒരുവന്റെ കഥയായിരിക്കണം. ഈ തലമുറയെ മനസ്സിലാക്കാൻ പ്രയാസം.
”എന്താണ് പൊളിക്കുന്നതിന്റെ പ്രൊസീജിയേര്‍സ്” എന്റെ മൗനത്തെ മുറിച്ചു കൊണ്ട് അവൻ ചോദിച്ചു.
പ്രൊസീജിയേര്‍സ് എന്നു കേട്ടപ്പോൾ അവന്റെ മുഖത്തേക്ക് നോക്കി. എന്തോ വ്യത്യാസം പോലെ. ഗ്ലാസ്സ് ഷീറ്റുകൾ പൊട്ടുന്ന ശബ്ദത്തിൽ കൃത്യമായ ഇംഗ്ലീഷ് ഉച്ചാരണം. മകന്റെ സംസാരത്തിലെ ഇഴച്ചിൽ പെട്ടെന്ന് അപ്രത്യക്ഷമായപോലെ. മീന്കാരന് ഹംസ എവിടെയോ മറയുന്നു.
നഷ്ടങ്ങളോ നിരാശയോ ആയിരുന്നു ആ കണ്ണുകളില്‍. വൈകുന്നേരങ്ങളിലെ മെക്കാനിക്കിനെപ്പോലെ മുഖം കറുത്ത്… അതുവരെയുണ്ടായിരുന്ന ചടുലമായ ചലനങ്ങള്‍ മറന്ന് യാന്ത്രികമായി ക്ലച്ചമര്ത്തുകയും ഗിയര്‍ മാറ്റുകയും ചെയ്ത് ഡ്രൈവര്‍ സീറ്റിലേക്ക് ആവശ്യത്തിലധികം ഒതുങ്ങിയിരുന്നു അവൻ.
”വെല്ല്യ ആഗ്രഹമായിട്ട് മേടിച്ച വണ്ടി ആയിരുന്നു. നല്ല സ്പീഡിലല്ലേ ഇടിച്ചത്.” മുഖമടച്ചുവീണ്, പല്ലു കൊഴിഞ്ഞ രോഗിയെപ്പോലെ കിടക്കുന്ന ഇന്നോവയുടെ അടുത്തിറങ്ങിയപ്പോള് അവന് പറഞ്ഞു.
”…സാറ് സ്റ്റേഷന്റെ തിണ്ണയില്‍ നില്ക്ക്. ഞാന്‍ കുട വാങ്ങിയിട്ടുവരാം. ബൈക്കിന്റെ പാര്‍ട്ടി വന്നില്ല. അതും സാറ് നോക്കിത്തരണം. എന്നാ വേണ്ടേന്നു വച്ചാ…”
ഫോട്ടോ കോപ്പിയെടുക്കാനും കുട വാങ്ങാനുമായി അവൻ ഓടി.
”ബൈക്കുകാരന്റെ വലതുകണ്ണില്‍ ചില്ലോ മറ്റോ കൊണ്ട് ഞരമ്പ് മുറിഞ്ഞൂന്ന് പറയുന്നു. ഇതുവരെ അഞ്ചാറ് ലക്ഷം ചിലവായീന്ന്.”
തിരിച്ചുപോരുമ്പോള്‍ അവന് പറഞ്ഞു.
”ഭയങ്കര ടെന്ഷനാ സാറെ. ഇപ്പൊ എന്നേക്കാള്‍ ടെന്‍ഷന്‍ വീട്ടുകാര്‍ക്കാണ്. വണ്ടിയുമായി ഞാന്‍ എവിടെയെങ്കിലും പോയാല്‍ തിരിച്ചെത്തുന്നതുവരെ എല്ലാവരും എന്നെ നോക്കി പുറത്തെവിടെയെങ്കിലും ഉണ്ടാവും. വീടിനകത്തേക്ക് പോലും കയറില്ല. ജനിക്കാനിരിക്കുന്ന കുഞ്ഞുവരെ ടെന്‍ഷനിലാണ് വളരുന്നതെന്ന് ഓര്‍ക്കുമ്പം… ”
അല്പം ഇടവേളക്ക് ശേഷം അവൻ പറഞ്ഞു.
”ഞങ്ങള്‍ക്ക് പത്തൊന്‍പത് വണ്ടീണ്ട്…”
വണ്ടികളുടെ എണ്ണം കൂടി. മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്തെ ഒരുമിച്ചുള്ള യാത്ര. കാഴ്ചയുടെ ലോകവും വ്യത്യസ്തമാകുകയായിരുന്നു. ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ റോഡരികിലെ തണല്‍മരങ്ങള്‍ ചില്ലകള്‍ മെല്ലെയിളക്കി പകലിന് യാത്ര പറഞ്ഞു. പേടിച്ചരണ്ട ചെടികള്‍ക്കും പുല്ലുകള്‍ക്കും സാന്ത്വനമേകി. ലതകളെ തഴുകി. താങ്ങായി.
”സാറ് ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ രാത്രി ആകും ഇല്ലേ?”
മാസപ്പിറവിക്കുള്ള കാത്തിരിപ്പ് ദിവസങ്ങളും മണിക്കൂറുകളും പിന്നിട്ട് മിനിട്ടുകളില്‍ എത്തിയിരിക്കുന്നു എന്ന് ആ ചോദ്യം ഓര്‍മ്മിപ്പിച്ചു.
മൂത്ത മകൻ കുഞ്ഞായിരിക്കുമ്പോൾ മാസപ്പിറ കാണാൻ അവനെയുമെടുത്ത് അടുത്തുള്ള കുന്നിൻ മുകളിൽ പോയി ഇരിക്കാറുള്ളത് ഓർമ്മ വന്നു. പിറ കാണിച്ചുകൊടു ക്കുമ്പോൾ അവൻ അത് നോക്കി കൈകൊട്ടും. അപ്പോൾ അവന്റെ മുഖത്താവും തന്റെ കണ്ണ്. അവിടെയാണ് തനിക്ക് മാസപ്പിറ. ഇന്നിപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു കാണാൻ കൊതിയാവുന്നു.
പെരുന്നാളിന് മക്കള്‍ രണ്ടുപേരും അടുത്തില്ലല്ലോ എന്ന ചിന്ത കടന്നുപോയത് നിര്‍വ്വികാരമായാണ്. മകൻ ഇരുപത്തിനാലിലേക്ക് കടന്നിരിക്കുന്നു. മനോജിന് ഇരുപത്തേഴ് വയസ്സ് കാണും. ഏറിയാല്‍ ഇരുപത്തെട്ട്. അച്ഛനും അമ്മയും ഗർഭിണിയായ ഭാര്യയുമടങ്ങുന്ന ഒരു കുടുബത്തിന്റെ ഉത്തരവാദിത്തം കുറച്ചെങ്കിലും ഇപ്പോൾ അവന്റെ ചുമലിലാണ്. ഇളകിയിരിക്കുന്നതില് ഒളിപ്പിച്ച് അവന്റെ രൂപത്തെ ഒന്നുകൂടി ഉഴിഞ്ഞത് ഒരു താരതമ്യപ്പെടുത്തലായിരുന്നോ?
അവൻ ഇംഗ്ലീഷ് പറയുന്നത് കേൾക്കണമെന്ന് തോന്നി. എതിരെ സ്പീഡിൽ വരുന്ന വണ്ടിയിലേക്ക് അവന്റെ ശ്രദ്ധ ക്ഷണിച്ചും ”ഉം, എന്താ ചോദിച്ചെ?” എന്ന് സംസാരം പ്രോത്സാഹിപ്പിച്ചും ഇടക്ക് തലതിരിച്ചും മൂളിയും അവനെത്തന്നെ നോക്കിയിരിക്കാൻ തോന്നുന്നു. മകന്റെ മുഖത്ത് ഉദിക്കുന്ന പിറ കാണാൻ കുന്നിൻ മുകളിൽ കാത്തിരുന്നതുപോലെ.
”…ഡ്രൈവര്‍മാരെ ഒന്നും അത്രക്ക് വിശ്വസിക്കാന്‍ പറ്റില്ല. രാത്രി വന്ന് രാത്രി തന്നെ തിരിച്ചുപോകേണ്ട ഓട്ടങ്ങളൊക്കെ ഉണ്ടാവും. ഒരു ഫാന്‍ ബെല്‍ട്ട് പൊട്ടീന്നോ ലൈറ്റ് കത്തണി ല്ല്യാന്നോ, ചെറിയ പ്രശ്നം വന്നാല്‍ പോലും ശരിയാക്കി ഓടിക്കാന്‍ നോക്കൂലാ. രാത്രീല് ഫോണ്‍ വരുമ്പോള്‍ പേടിച്ചാ എടുക്കുന്നത്. അങ്ങനെ ഒരു രാത്രീല് ഓട്ടം പോയതാ അനുജന്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ്സിന്റെ അടിയിലേക്ക് ഇടിച്ചുകയറി. ഉറങ്ങിപ്പോയതായിരിക്കും… ഞങ്ങള്‍ രണ്ടുപേരും നന്നായി പഠിക്കുമായിരുന്നു. അന്നൊക്കെ അച്ഛന്റെ മുഖത്ത് എന്തു സന്തോഷമായിരുന്നെന്നോ… അവന് പോയി.
…രണ്ടേക്കറില്‍ ചില്ല്വാനം സലോണ്ട്, കുറച്ച് സമ്പാദ്യോം… ഒന്നില്‍ നിന്നും തുടങ്ങിയതാണ്… ഞാന്‍ ഒന്നും പറയുന്നില്ല. എന്താ വേണ്ടേന്നു വച്ചാ നീ തീരുമാനിക്ക്. അച്ഛൻ പറഞ്ഞു”
അനുജന്റെ മരണശേഷം നിസ്സംഗതയോടെ അച്ഛന് പറഞ്ഞത് കാലദേശങ്ങൾ കടന്ന് ഇപ്പോഴെന്തേ അപരിചിതനായ തന്റെ മുന്നിൽ പ്രതിധ്വനിക്കാൻ. കഥകൾ ഒന്നും മാറുന്നില്ലെന്നാണോ. കണക്കുകൂട്ടലുകൾ തെറ്റിയോ.
“ഡല്‍ഹി ഐ. ഐ. റ്റി യില്‍ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗ് പാസ്സായതാണ് ഞാന്‍.”
മനസ്സ് നഷ്ടപ്പെട്ടതുപോലെ അവനത് മന്ത്രിച്ചത് അല്പം ഇടവേളക്ക് ശേഷമാണ്.
”ഡൽഹിയിൽത്തന്നെ ഒരു കമ്പനിയില്‍ പ്ലേസ് മെന്റും കിട്ടിയിരുന്നു. ജോലിയുടെ കൂടെ സിവില്‍ സര്‍വ്വീസ് കോച്ചിംഗിനു പോയിക്കൊണ്ടിരിക്കുമ്പോഴാണ് അനുജന്റെ മരണം.”
എണ്ണായിരത്തിനടുത്ത് റാങ്ക് വാങ്ങിയ മകന്റെ കഷ്ടപ്പാടുകൾ കണ്ടതാണ്. മെക്കാനിക്കൽ എഞ്ചിനിയറിംഗിന് ഡൽഹിയിൽ അഡ്മിഷന് കിട്ടണമെങ്കില്‍ രണ്ടായിരത്തില്‍ താഴെ റാങ്ക് വേണമല്ലൊ. മനസ്സില്‍ നിന്ന് വേദനയോടെ പുറത്തുവന്നത് തൊണ്ടയിൽ അമർത്തി വച്ചു.
ഓരോ വിശേഷം പറയുമ്പോഴും തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി വണ്ടി ഓടിച്ച, ഞാന്‍ മഴ നനയാതിരിക്കാന്‍ കുട വാങ്ങാന്‍ ഓടിയ, തന്റെ മകനേക്കാള്‍ നല്ല റാങ്കോടെ ഐ.ഐ.റ്റി യില്‍ പഠിച്ചത് ഇവന് തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.
മകനുമായി താരതമ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും വ്യക്തത വരുന്നില്ല. ഒരു ആക്സിഡന്റ് ഡ്രൈവറുടെ മുഖത്തേക്ക് വെഹിക്കിൾ ഇൻസ്പെക്ടർ ഇടക്കിടെ നോക്കിയാൽ അവൻ എന്ത് വിചാരിക്കും. വണ്ടി വലത്തോട്ട് വളയുമ്പോൾ ഇടത്തോട്ട് മനപ്പൂർവ്വം ചെരിഞ്ഞും തിരിഞ്ഞും, ബ്രേക്കിൽ കാൽ വക്കുമ്പോൾ മുന്നോട്ടാഞ്ഞും മനോജിനെ മനസ്സിൽ പതിക്കാൻ ശ്രമിച്ചു. മകന്റെ മുഖം മുഴുവനായി ഓർത്തെടുക്കാൻ ശ്രമിച്ചു.
ഗിയർ ഷിഫ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതുപോലെയും അവന്റെ മുഖം ഒന്നുകൂടി ചെറുതായതുപോലെയും തോന്നിയതാവാം.
”അവിടെ ചൂടുകാലത്ത് നല്ല ചൂടാ. നാല്‍പ്പത്തേഴ് ഡിഗ്രിവരെ വരും. തണുപ്പുകാലത്ത് നല്ല തണുപ്പും… കൊഴപ്പൊന്നൂല്ലാ.”
മുഖം തരാതെ പറഞ്ഞൊഴിയുന്ന മകന്റെ നിഴൽ പോലെ അവൻ. ശ്രദ്ധിക്കുന്തോറും സാദൃശ്യം കൂടിവരുന്നതായി തോന്നി.
”മെക്കാനിക്കൽ എഞ്ചിനിയറിംഗിന് അഡ്മിഷന് കിട്ടണമെങ്കില്‍ രണ്ടായിരത്തില്‍ താഴെ റാങ്ക് വേണ്ടേ?” അമർത്തിവച്ചിരുന്നത് പുറത്ത് ചാടി.
അവന് മൂളാന്‍ അല്‍പ്പം സമയമെടുത്തു. പതിഞ്ഞ ഒരു മൂളല്‍.
സിവിൽ സർവ്വീസ് കിട്ടിയാൽ ഉയർന്ന ഉദ്യോഗത്തിലിരിക്കേണ്ട ആളാണ് രാവും പകലുമില്ലാതെ വണ്ടിക്ക് പിന്നാലെ അലയുന്നത്. ഓർത്തപ്പോൾ വിഷമം തോന്നി.
”…അച്ഛന് മാനസ്സീകമായി തകര്‍ന്നു. വണ്ടികളൊക്കെ നോക്കി നടത്താന്‍ കഴിയാതെ വന്നു. പെട്ടെന്ന് എല്ലാം വിറ്റുകളയുന്നത് ആലോചിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നാട്ടിലേക്ക് പോന്നു.”
ജീവിതം കൈവിട്ടു പോകാതിരിക്കാൻ വെപ്രാളപ്പെടുന്ന അവന്റെ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു, തലക്കുമുകളിൽ ആഞ്ഞുവീശുന്ന കഴുകൻചിറകിൽ നിന്നെന്നപോലെ. കാറ്റില്‍ മരങ്ങൾ വല്ലാതെ ഉലഞ്ഞു. ഇളയ മകന് അപകടത്തില്‍ കൊല്ലപ്പെട്ട, മൂത്തമകന് കഷ്ടിച്ച് രക്ഷപ്പെട്ട ദിവാകരന്നായരായി എന്നിലെ അച്ഛന് ഉണര്‍ന്നു. മകന്റെ നഷ്ടപ്പെടുന്ന ഭാവി മുന്നില്‍ വലിയൊരു ചോദ്യമായി.
അർണോൾഡ് മില്ലറുടെ നാടകമാണ് ഓർമ്മയിൽ വന്നത്. മനുഷ്യരാശിക്ക് മൊത്തത്തിൽ ഉള്ളതല്ലെ ഓരോ വരും തലമുറയും. എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന് മാത്രം ചിന്തിക്കുന്നത് എന്ത് സ്വാർത്ഥതയാണ്. സ്വപ്നം കണ്ടുണരുന്നത് എന്തിലേയ്ക്കാണോ അത് മാത്രമാണ് യാഥാർഥ്യം.
ഡ്രൈവറിലെ താന്തോന്നിത്തരവും കൊള്ളരുതായ്മയും മാഞ്ഞു. നിസ്സംഗതയും നിർവ്വികാരതയും അഭിനയവും മറന്നു. മലകളിലൂടെ അലഞ്ഞ് ഒഴുകിയെത്തുന്ന പുഴകളെ സ്വീകരിക്കാന്‍ വെമ്പുന്ന കടലിന്റെ മനസ്സായി എന്റേത്.
”വണ്ടിപ്പണികൊണ്ട് എല്ലാവര്ക്കും രക്ഷപ്പെടാന്‍ കഴിയില്ല. സമയം മോശമാണെങ്കില്‍ പ്രത്യേകിച്ചും. ഐ.ഐ.റ്റി.യിലൊക്കെ പഠിച്ച നിനക്ക് അതിന്റെ ആവശ്യമുണ്ടോ ? നീ സിവില്‍ സര്‍വ്വീസിന്റെയോ ഐ.ഇ.എസ്സിന്റെയോ ടെസ്റ്റെഴുതണം. മോശപ്പെട്ട വണ്ടികള്‍ പൊളിക്കാന്‍ കൊടുത്താല്‍ മതി. ഓട്ടമുള്ള അഞ്ചാറെണ്ണം അച്ഛന് കൊണ്ടുനടക്കാന്‍ പറ്റുന്നത് കൊണ്ടുനടക്കട്ടെ. അച്ഛന് വേണ്ടതുപോലെ പറഞ്ഞാല്‍ അമ്മയ്ക്ക് മനസ്സിലാകും.”
ഹൃദയം പറഞ്ഞു.
”…കുറച്ചുനാളത്തേക്ക് ബുദ്ധിമുട്ട് വന്നാലും ഒരു കര പറ്റണ്ടേ? വരും തലമുറക്കെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയണ്ടേ? …ഞങ്ങളൊക്കെയില്ലേ ഇവിടെ.”
ചക്രങ്ങള്‍ തേങ്ങലോടെ നിന്നു. മുന്നോട്ടാഞ്ഞ് നെഞ്ചും കഴുത്തും തലയും സ്റ്റിയറിംഗ് വീലിനു സമര്‍പ്പിച്ച്, ഇടതുകൈ എന്റെ വലതുകൈയ്യില്‍ തിരുപ്പിടിച്ച് അവന് കരഞ്ഞു. മുള ചീന്തുന്ന ശബ്ദത്തില്‍ ഇളകിയിളകി കരഞ്ഞു. എന്റെ വലതുകൈ ഇളക്കിയെടുത്ത് ആരോ അവന്റെ പുറം തലോടി.
കാറൊഴിഞ്ഞു. ഉള്‍ക്കാഴ്ചകള്‍ സകാത്തുകൊടുത്ത് എല്ലാത്തിനും കാരണഭൂതനായ അള്ളാഹുവിനെ നിനച്ചപ്പോള്‍ മനസ്സിന് ലാഘവത്വം. നനുത്തുമിനുത്ത് അന്തരീക്ഷത്തിലിളകുന്ന അപ്പൂപ്പന്താടിപോലെ, ബലൂണ്‍പോലെ. ഇന്നോവയുടെ അപകടവും പുത്തന്‍കുരിശിലേക്കുള്ള യാത്രയും… ഒക്കെ നിയോഗം. ഞാനറിയാതെ മിഴികള്‍ മേലോട്ടുയര്‍ന്നു. മുട്ടാത്ത അന്നത്തിനും ചേക്കേറാന്‍ കിട്ടിയ താവളത്തിനും നാന്ദിയായി പക്ഷികള്‍ കുറുകി. ചില്ലകളില്‍ നിലാവ് തെളിഞ്ഞു. ആരെന്ന് നോക്കാതെ എന്തെന്ന് നോക്കാതെ എല്ലാവരെയും എല്ലാത്തിനെയും തഴുകി തലോടുന്ന സ്നേഹനിലാവ്. ദൈവത്തിന്റെ താരാട്ട് പോലെ.
അത്തറിന്റെ പരിമളം ഭൂമിയിലെങ്ങും പരന്നതായി എനിക്ക് തോന്നി.

ശിവൻ മേതല
![]()
