യൂ എൻ : മതവിദ്വേഷം സംബന്ധിച്ച പ്രമേയത്തിന് യുഎൻ അംഗീകാരം നൽകിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. പൊതുസ്ഥലത്ത് ഖുർആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ നിരവധി വിമർശനങ്ങൾക്ക് വിധേയമായതിന് ശേഷം മത വിദ്വേഷത്തെ അപലപിക്കുന്ന പ്രമേയം യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ അംഗീകരിച്ചതിനെ സൗദി അറേബ്യ ബുധനാഴ്ച സ്വാഗതം ചെയ്തു.
കൗൺസിലിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, “വിവേചനം, ശത്രുത അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് പ്രേരണ നൽകുന്ന മതവിദ്വേഷത്തെ ചെറുക്കുക” എന്ന പ്രമേയത്തിൽ 12 ന് എതിരെ 28 വോട്ടുകൾ അനുകൂലമായി വന്നതിന്ന് ശേഷമാണ് പ്രമേയം അംഗീകരിച്ചത്. ഏഴ് വോട്ടുകൾ വിട്ടുനിൽക്കുകയും ചെയ്തു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനു (OIC) വേണ്ടി പാകിസ്ഥാൻ അവതരിപ്പിച്ച പ്രമേയത്തിൽ, മത വിദ്വേഷത്തെക്കുറിച്ച് യുഎൻ അവകാശ മേധാവി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും രാജ്യങ്ങൾ അവരുടെ നിയമങ്ങൾ അവലോകനം ചെയ്യണമെന്നും മതവിദ്വേഷത്തിന്റെ പ്രവർത്തികളുടെയും വക്താക്കളുടെയും പ്രോസിക്യൂഷൻ പ്രതിരോധത്തിന് തടസ്സമായേക്കാവുന്ന വിടവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം സ്വീഡനിൽ ഒരു ഇറാഖി കുടിയേറ്റക്കാരൻ സ്റ്റോക്ക്ഹോം പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഖുർആൻ കത്തിച്ച സംഭവം മുസ്ലീം ലോകമെമ്പാടും രോഷത്തിന് കാരണമാവുകയും നടപടിയെടുക്കണമെന്ന് മുസ്ലീം രാഷ്ട്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
“രാജ്യത്തിന്റെയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെയും നിരന്തരമായ ആവശ്യങ്ങൾക്ക് ശേഷം പ്രമേയം അംഗീകരിക്കുന്നത് മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുന്നതിൻറെയും അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെയും ഉദാഹരണങ്ങളാണെന്നും സൗദിയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ നടപടികളും നിരസിക്കുന്നതോടൊപ്പം സഹിഷ്ണുതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.
![]()
