ന്യൂ ഡൽഹി : യമുന നദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ച് 208.6 മീറ്ററായതിനാൽ അതീവ വെള്ളപ്പൊക്ക ജാഗ്രതയിലാണ് ഡൽഹി. കരകവിഞ്ഞൊഴുകിയ നദി താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയതിനാൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് തൊഴിലെടുക്കാനും സർക്കാർ നിർദ്ദേശിച്ചു.അതേസമയം ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. യമുന നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലായതിനാല്‍ വസീറാബാദ്, ചന്ദ്രവല്‍, ഒഖ്ല എന്നവിടങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ തലസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാലാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായത്.
മൊണാസ്റ്ററി മാർക്കറ്റിന് ചുറ്റുമുള്ള പ്രദേശങ്ങൾ, യമുന ബസാർ, ഗാർഹി മണ്ടു, ഗീതാഘട്ട്, വിശ്വകർമ കോളനി, ഖദ്ദ കോളനി, പഴയ റെയിൽവേ പാലത്തിന് സമീപമുള്ള നീലി ചാത്രി ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങൾ, നീം കരോളി ഗൗശാല, വസീറാബാദ് മുതൽ മജ്നു കാ തില വരെയുള്ള റിംഗ് റോഡ് എന്നിവ ഇപ്പോൾ വെള്ളത്തിനടിയിലാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് യമുന നദിക്ക് സമീപമുള്ള ഗീത കോളനി ശ്മശാനവും അടച്ചിട്ടിരിക്കുകയാണ്. പകരം കർകർദുമയിലെയും ഗാസിപൂർ ശ്മശാനത്തിലെയും സൗകര്യങ്ങൾ ഉപയോഗിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിന് ശേഷം താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ഒഴിയാൻ ആവശ്യപ്പെട്ടു. ഇതുവരെ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,500-ലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി, യമുനയിൽ വെള്ളപ്പൊക്കമുണ്ടായാൽ ദേശീയ തലസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാൻ താഴ്ന്ന പ്രദേശങ്ങളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
![]()
