കോഴിക്കോട്: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ഏർപ്പെടുത്തിയ എഞ്ചിനീയർ ഹാഷിം പുരസ്കാരം ഇത്തവണ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവക്ക്. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി, പഞ്ചായത്ത് – സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി, മുസ്ലീലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കെ.എസ്.ആർ.ടി.സി. ഉപദേശക കൗൺസിൽ അംഗം, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഭാഷാ സമരകാലത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദീർഘകാലം കോഴിക്കോട് ജില്ലാ പ്രസിഡന്റ് തുടങ്ങി മുസ്ലിംലീഗിലും പാർലിമെന്ററി രംഗത്തും വിവിധ പദവികൾ അലങ്കരിച്ച നേതാവാണ് പി.കെ.കെ ബാവ. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.
എഞ്ചിനീയർ ഹാഷിം സൗദി കെ.എം.സി.സിക്ക് വലിയ സംഭാവനകൾ അർപ്പിച്ച പ്രവാസി പൊതുപ്രവർത്തകനായിരുന്നു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ ആയിരിക്കെ 2018ലാണ് അദ്ദേഹം വിടപറയുന്നത്. 25 വർഷക്കാലം ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി അധ്യക്ഷനായിരുന്നു.
ഇ ടി മുഹമ്മദ് ബഷീർ എം.പി, പി എം എ സലാം, കെ പി എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, എം സി മായിൻ ഹാജി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. എം ഐ തങ്ങൾ, എം സി വടകര, പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, സി പി സൈതലവി, ഇ സാദിഖലി എന്നിവർക്കാണ് ഇതിന് മുമ്പ് ഹാഷിം എഞ്ചിനീയറുടെ നാമഥേയത്തിലുള്ള അവാർഡുകൾ നൽകിയത്.
![]()
